
മലപ്പുറം: മലപ്പുറത്ത് നിന്ന് വയനാട് കാണാനായി 3000 വയോജനങ്ങൾ. ഏറ്റവും വലിയ സൗജന്യ വയോജന ഉല്ലാസയാത്ര എന്ന ഖ്യാതിയോടെയാണ് ഒക്ടോബര്‍ ഏഴിന് മലപ്പുറം നഗരസഭയിലെ വയോജന സംഘം വയനാട്ടിലേക്ക് പുറപ്പെടുക. 82 ബസുകളിലായി രാവിലെ 6.30നാണ് കോട്ടക്കുന്നില്‍ നിന്ന് ബസുകൾ പുറപ്പെടുക. മലപ്പുറം നഗരസഭയുടെ വയോജന സൗഹൃദ നഗരം പദ്ധതിയിലുള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ഏകദിന വിനോദയാത്രക്ക് കലക്ടര്‍ അധ്യക്ഷനായ ഇന്നവേറ്റീവ് കമ്മിറ്റിയുടെ അനുമതി ലഭിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ നടത്താനിരുന്ന യാത്രയാണ് ഒക്ടോബറിലേ ഉല്ലാസയാത്രയായി മാറിയത്. എ.പി.എല്‍, ബി. പി.എല്‍ വ്യത്യാസമില്ലാതെ മലപ്പുറം നഗരസഭയിലെ 60 വയസ്സ് പൂര്‍ത്തിയായ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന മുഴുവന്‍ വയോജനങ്ങളും യാത്രയുടെ ഭാഗമാകും. 40 വാര്‍ഡുകളില്‍ നിന്നായി ചുരുങ്ങിയത് 3000 പേരെങ്കിലും യാത്രയില്‍ ഉണ്ടാകുമെന്നാണ് നഗരസഭയുടെ കണക്കുകൂട്ടല്‍. ഓരോ വാര്‍ഡംഗങ്ങളുടെയും നേതൃത്വത്തിലാണ് യാത്രികരെ കണ്ടെത്തിയത്. അവര്‍ക്കുള്ള യാത്രാ ചെലവ്, ഭക്ഷണം, ആവശ്യമെങ്കില്‍ ചികിത്സ തുടങ്ങി എല്ലാ ചെലവുകളും നഗരസഭയാണ് വഹിക്കുന്നത്.
40 ലക്ഷം രൂപയാണ് യാത്രക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. വയോജന ക്ഷേമത്തിന് നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ നീക്കിവെച്ച തുകയാണ് യാത്രാചെലവിന് വിനിയോഗിക്കുക. വയനാട് ജില്ലയിലെ പൂക്കോട് തടാകം, കാരാപ്പുഴ ഡാം എന്നീ സഞ്ചാര കേന്ദ്രങ്ങളാണ് യാത്രികര്‍ സന്ദര്‍ശിക്കുക. പോകുന്ന വഴി രാവിലെ 7.30ന് അരിക്കോട് ഭാഗങ്ങളിലെ വിവിധ ഓഡിറ്റോറിയങ്ങളില്‍ വെച്ച് പ്രഭാത ഭക്ഷണം കഴിക്കും. ഉച്ചക്കും രാത്രിയിലേക്കും ആവശ്യമായ ഭക്ഷണവും നഗര സഭ തയാറാക്കും.