
കൊച്ചി: ശീലാവ് മത്സ്യത്തിന്റെ കടിയേറ്റ് നട്ടെല്ലിന് ഗുരുതര പരിക്ക്. ഇടതുകയ്യും കാലും തളർന്ന മാലിദ്വീപ് സ്വദേശിയ്ക്ക് കൊച്ചിയിൽ അടിയന്തര ശസ്ത്രക്രിയ. ശീലാവ് എന്ന പേരിൽ അറിയപ്പെടുന്ന ബറക്കുഡ മത്സ്യമാണ് 32കാരനെ മീൻപിടിക്കുന്നതിനിടെ ആക്രമിച്ചത്. മത്സ്യത്തിന്റെ കടിയേറ്റ് നട്ടെല്ലിനും സുഷുമ്ന നാഡിക്കും തകരാറ് സംഭവിച്ചതിന് പിന്നാലെയാണ് യുവാവിനെ എയർലിഫ്റ്റ് ചെയ്ത് കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ചത്. കടലിന്റെ അടിയിൽ നിന്ന് കടൽ വെള്ളരി ശേഖരിക്കുന്നതിനിടയിലാണ് 32കാരനെ ശീലാവ് മത്സ്യം ആക്രമിച്ചത്.
കടലിൽ അതീവ അപകടകാരിയായ ടൈഗർ ഫിഷിന്റെ ഗണത്തിലുള്ള മത്സ്യത്തിന്റെ പല്ലിന്റെ പത്തിലധികം ഭാഗങ്ങളാണ് 32കാരന്റെ സുഷുമ്ന നാഡിയിൽ തറഞ്ഞുകയറിയ നിലയിൽ കണ്ടെത്തിയത്. ആദ്യം മാലി ദ്വീപിലെ ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിന്റെ അവസ്ഥ മോശമായതോടെയാണ് കൊച്ചിയിലേക്ക് എയർലിഫ്റ്റ് ചെയ്തത്. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. സജേഷ് മേനോന്റെയും ഡോ. ഡാൽവിൻ തോമസിന്റെയും നേതൃത്വത്തിലുള്ള വിദഗ്ധസംഘം അടിയന്തര ശസ്ത്രക്രിയയിലൂടെ 32കാരന്റെ സുഷുമ്ന നാഡിയിൽ നിന്ന് ശീലാവ് മത്സ്യത്തിന്റെ പല്ലുകൾ നീക്കം ചെയ്യുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില മെച്ചപ്പെട്ടതോടെ യുവാവിനെ വാർഡിലേക്കു മാറ്റിയിട്ടുണ്ട്. സുഷുമ്ന നാഡിയിലും നട്ടെല്ലിനും ഒരേ സമയം സങ്കീർണശസ്ത്രക്രിയ നടത്തിയതു ന്യൂറോ സർജറിയിൽ അത്യപൂർവമാണെന്നു വിദഗ്ധസംഘത്തിലെ ഡോക്ടർമാർ പ്രതികരിക്കുന്നത്. ഗതിവേഗം പായുന്ന ശീലാവ് മത്സ്യത്തിന്റെ ആക്രമണവും പെട്ടന്നാണ് ഉണ്ടാവാറ്. നിരവധിപ്പേർ മാലിദ്വീപിൽ തന്നെ ഈ മത്സ്യത്തിന്റെ ആക്രമണത്തി ഇരയായിട്ടുണ്ട്.
172 യാത്രക്കാരുമായി വിമാനം 29000 അടി ഉയരത്തിൽ, എൻജിനിൽ വിറയൽ, എമർജൻസി ലാൻഡിംഗിന് പിന്നാലെ അഗ്നിബാധ
പരിക്കിന്റെ ഗുരുതരാവസ്ഥ കൊണ്ട് തന്നെ ജീവൻ തിരിച്ചു കിട്ടുമോ എന്ന ഭയത്തിലാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിയതെന്ന് രോഗിയുടെ സഹോദരൻ പ്രതികരിക്കുന്നത്. എന്നാൽ കൃത്യമായ ചികിത്സ ലഭ്യമായതോടെ തന്റെ സഹോദരന്റെ ആരോഗ്യത്തിൽ വലിയ പുരോഗതിയാണ് സംഭവിച്ചത് എന്നും ആശുപത്രിയിലെ വിദഗ്ധ ചികിത്സയ്ക്കും ഡോക്ടർമാർക്കും രോഗിയുടെ സഹോദരൻ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam