
പാലക്കാട്: ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി യുവാവിനെ ഒന്നര വർഷമായി വഞ്ചിച്ച കേസിൽ യുവതി പിടിയിൽ. 68 ലക്ഷം രൂപയോളം പല തവണയായി യുവാവിൽ നിന്ന് കൈപ്പറ്റിയെന്നാണ് പരാതി. 35 വയസുകാരിയായ മുബീനയാണ് പിടിയിലായിരിക്കുന്നത്. 2023 ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 2 വർഷമായിട്ടും പ്രതിയെ പിടികൂടാനായിരുന്നില്ല. ഇന്നലെ എറണാകുളം ലുലു മാളിൽ വച്ചാണ് ഒടുവിൽ പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് യുവതിയുടെ കയ്യിൽ നിന്നും ഒരു ലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളും കണ്ടെത്തി. ഇവരോടൊപ്പം ലിവിങ് ടുഗെതർ ആയി ജീവിച്ചിരുന്ന രണ്ടാം പ്രതി ശ്യാം സന്തോഷ് നേരത്തെ പിടിയിലായിരുന്നു. ഇയാളിപ്പോൾ ജാമ്യത്തിലാണ്.
കാവിൽപ്പാട് നാഗയക്ഷിക്കാവിലെ പൂജാരിയാണ് സംഭവത്തിലെ പരാതിക്കാരൻ. മനിശ്ശേരി മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഏക മകൾ ഡോ. നിഖിത ബ്രഹ്മദത്തൻ ആണെന്ന് പറഞ്ഞാണ് യുവതി പരാതിക്കാരനെ പരിചയപ്പെട്ടത്. കോടികളുടെ ഏക അവകാശിയാണെന്നും തറവാട്ടിൽ ആണവകാശികൾ ഇല്ലാത്തതിനാൽ യുവാവിനെ ദത്തെടുക്കാൻ തയ്യാറാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഇക്കാര്യം സ്റ്റാംപ് പേപ്പറിൽ എഴുതി നൽകുകയും ചെയ്തു. പിന്നീട് ഇവർ തമ്മിൽ ഒരു വർഷത്തോളം സൗഹൃദം തുടർന്നു. പിന്നീട് ഇടക്കിടെ താൻ ജോലി ചെയ്യുന്നുവെന്ന് വിശ്വസിപ്പിച്ച പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. പരാതിക്കാരൻ വരുന്ന സമയത്ത് മുബീന സ്റ്റെതസ്കോപ്പ് അണിഞ്ഞ് ഡോക്ടറെന്ന മട്ടിൽ പെരുമാറി. ഇതിനായി പ്രതിയുടെ തന്നെ സഹായികളെ കൂടെ നിർത്തി സംസാരിച്ചു വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന് ശേഷം, താൻ നിർമിക്കാനൊരുങ്ങുന്ന ഐ വി എഫ് ആശുപത്രിയിൽ പാർട്ണർ ആക്കാം എന്ന് പറഞ്ഞ് യുവാവിൽ നിന്ന് 68 ലക്ഷം രൂപയോളം പല തവണയായി കൈപ്പറ്റി. പരിചയപ്പെടുന്ന ആരോടും കൂസലില്ലാതെ പണം ചോദിച്ചു വാങ്ങുന്ന ഇവർ ആരംഭത്തിൽ അത് തിരിച്ചു നൽകും. അടുത്ത തവണ കൂടുതൽ പണം വാങ്ങിച്ച് തിരികെ നൽകാതെ മുങ്ങുകയാണ് ഇവരുടെ പതിവ് രീതി. കഴിഞ്ഞ ഒരു വർഷത്തിലേറെയായി വിവിധ ജില്ലകളിൽ പല പേരുകളിലും പല സ്ഥലത്തും ഒളിവിൽ കഴിയുകയായിരുന്നു ഇവർ.
9-ാം ക്ലാസ് മാത്രമാണ് മുബീനയുടെ യോഗ്യത. എന്നാൽ ഡോക്ടറാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്ന തരത്തിൽ ജില്ലാ ആശുപത്രിക്ക് അകത്തുതന്നെ ഇവർക്ക് ധാരാളം സഹായികൾ ഉണ്ടായിരുന്നു. പല തവണ ഡോക്ടറുടെ വേഷമണിഞ്ഞ് ആശുപത്രിക്ക് അകത്തും മോർച്ചറിയിലും വെച്ച് കണ്ടതിനാൽ അവിശ്വസിക്കേണ്ടതായ സാഹചര്യം ഉണ്ടായില്ല എന്ന് പരാതിക്കാരനും പറയുന്നു. സമാന രീതിയിൽ ധാരാളം പേരിൽ നിന്നും ഇത്തരത്തിൽ മുബീന പണം വാങ്ങിയിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട്, എറണാകുളം, പാലക്കാട് ടൗൺ നോർത്ത് എന്നീ സ്റ്റേഷനുകളിലും യുവതിയുടെ പേരിൽ നേരത്തെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.