
തൃശൂർ: ചേർപ്പ് കോടന്നൂർ ബാറിൽ അക്രമം നടത്തി, ഒരാളെ സോഡാ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച നാല് പേരെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങിണിശ്ശേരി അമ്പലനട സ്വദേശി പറത്തിലാൽ വീട്ടിൽ കുട്ടൻ എന്ന് വിളിക്കുന്ന മനീഷ് (37), വെങ്ങിണിശ്ശേരി സ്വദേശി കക്കാട്ടിൽ വീട്ടിൽ മനോജ് (49), കണ്ണൂർ ചെങ്ങോലൈ സ്വദേശിയും ഇപ്പോൾ വെങ്ങിണിശ്ശേരിയിൽ താമസക്കാരനുമായ ചാരിചിറ്റി വീട്ടിൽ ബാബു (52), പാറളം സ്വദേശി കുറുവത്ത് വീട്ടിൽ ഷാജു (53) എന്നിവരാണ് അറസ്റ്റിലായത്.
കോടന്നൂർ ചാക്യാർ കടവ് സ്വദേശി ചിറയത്ത് വീട്ടിൽ സ്റ്റെബി (43) യെയാണ് ഇവർ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഞായറാഴ്ച രാത്രി എട്ടരയ്ക്കാണ് സംഭവം. സ്റ്റെബി ഓർഡർ ചെയ്ത മദ്യം പ്രതികൾ എടുക്കാൻ ശ്രമിച്ചിരുന്നു. ഇത് സ്റ്റെബി തടഞ്ഞു. ഈ സമയത്ത് പ്രതികൾ സോഡാ കുപ്പിയെടുത്ത് സ്റ്റെബിയുടെ തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ സ്റ്റെബിയെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചേർപ്പ് പൊലീസ് കേസെടുത്തു. തുടർന്ന് സ്റ്റെബിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. എസ്ഐമാരായ കെ എസ് സുബിന്ദ്, എം എസ് ഷാജു, സജിപാൽ, എഎസ്ഐ ഷീജ, സിപിഒ മാരായ എ ഒ വിപിൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.