
തിരുവനന്തപുരം: തിരുവനന്തപുരം സിറ്റിയിൽ നിന്നും മോഷണം പോയ ഫോണുകൾ കണ്ടെത്തിയത് തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന്. മൂന്ന് മാസത്തിനിടെ നഷ്ടപ്പെട്ട നാൽപ്പതോളം ഫോണുകൾ കണ്ടെത്തിയ ഫോർട്ട് പൊലീസ്, എല്ലാം ഉടമസ്ഥർക്ക് തിരികെ നൽകി. ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിവിധ രീതിയിൽ നഷ്ടപ്പെട്ട 40 ഓളം മൊബൈൽ ഫോണുകളാണ് ഉടമസ്ഥർക്ക് കമ്മീഷണർ കൈമാറിയത്. ഏകദേശം പതിനഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകളാണ് ഇപ്രകാരം കണ്ടെടുത്തത്.
തിരുവനന്തപുരം സിറ്റിയിൽ നിന്നും മോഷണം പോയ ഫോണുകൾ തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നു വരെ കണ്ടെത്താനായി. ഐഫോൺ, ഗൂഗിൾ തുടങ്ങി വിലകൂടിയ നിരവധി മോഡലുകൾ ഇതിൽ ഉൾപ്പെടുന്നെന്ന് പൊലീസ് അറിയിച്ചു. ഈസ്റ്റ് ഫോർട്ട്, പഴവങ്ങാടി, ചാല എന്നീ പ്രദേശങ്ങളിൽ നിന്നുള്ള മൊബൈൽ ഫോൺ നഷ്ടപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിൽ ഫോർട്ട് അസിസ്റ്റന്‍റ് കമ്മിഷണർ ബിനുകുമാർ, ഫോർട്ട് ഇൻസ്പെക്ടർ എസ്.ബി. പ്രവീൺ. എസ്‌സിപിഒ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തി ഫോണുകൾ കണ്ടെത്തിയത്.
നഷ്ടപ്പെട്ട മൊബൈൽ ഫോണുകളുടെ വിവരങ്ങൾ CEIR (Central Equipment Identity Register) പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് ശേഷം സാങ്കേതിക സഹായത്തോടെ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലും ഐഎംഇഐ നമ്പർ, ലൊക്കേഷൻ ട്രാക്ക് ചെയ്താണ് ഫോണുകൾ കണ്ടെത്തിയത്. നഷ്ടമായ ഫോണുകളിൽ പുതിയ സിം കാർഡുകൾ ഉപയോഗിക്കുമ്പോൾ അത് ട്രാക്ക് ചെയ്ത് നേരിട്ടും കൊറിയർ അയച്ചുമെല്ലാമാണ് ഫോണുകൾ സ്റ്റേഷനിലെത്തിച്ചത്.
ഇതിൽ പകുതിയോളം മോഷ്ടിക്കപ്പെട്ടവയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മോഷ്ടിച്ച ശേഷം വിൽപ്പന നടത്തിയ കടകളിൽ നിന്നുമാണ് കണ്ടെത്തിയത്. മോഷ്ടാക്കളെ കുറിച്ച് അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു. തിരികെ ലഭ്യമായ മൊബൈൽ ഫോണുകൾ ഫോർട്ട് സ്റ്റേഷനിൽ വച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ കാർത്തിക് ഉടമസ്ഥർക്ക് കൈമാറി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam