കൊവിഡ് 19: മലപ്പുറം ജില്ലയിൽ 439 പേർ കൂടി നിരീക്ഷണത്തിൽ; ആകെ 2,264 പേർ

By Web TeamFirst Published May 13, 2020, 8:04 PM IST
Highlights

ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന 57 പേരുടെ സാമ്പിൾ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 

മലപ്പുറം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ബുധനാഴ്ച 439 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു. 2,264 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 55 പേർ  വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 50 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അഞ്ച് പേരുമാണ് ഐസൊലേഷനിലുള്ളത്. 

1,569 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 640 പേർ കൊവിഡ് കെയർ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലും കഴിയുന്നു. കൊവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിലവിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ എട്ട് പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. ഇവരുൾപ്പടെ 28 പേർക്കാണ് ജില്ലയിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. 

21 പേർക്ക് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി. ഇതിൽ തുടർ ചികിത്സയിലിരിക്കെ ഒരാൾ മരിച്ചു. 20 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്. ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന 57 പേരുടെ സാമ്പിൾ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ ഇതുവരെ 2,598 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 100 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

click me!