കണ്ടല്ലൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ബ്രൗൺഷുഗറും കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിലായി. എക്സൈസ് ഷാഡോ സംഘവും സൈബർ സെല്ലും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കായംകുളം: കണ്ടല്ലൂർ കൊച്ചി ജെട്ടി ഭാഗത്ത് നടത്തിയ പരിശോധനയിൽ ബ്രൗൺഷുഗറും കഞ്ചാവുമായി ബംഗാൾ സ്വദേശി എക്സൈസിന്റെ പിടിയിലായി. 7.15 ഗ്രാം ബ്രൗൺഷുഗറും 12.96 ഗ്രാം കഞ്ചാവുമായി അസ്റാഫുൽ (44) എന്നയാളെയാണ് പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ വൻ ലാഭത്തിനായി ലഹരി വസ്തുക്കൾ എത്തിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് എക്സൈസ് ഷാഡോ സംഘം പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കൃത്യമായി കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുമ്പും പലതവണ കായംകുളം എക്സൈസ് സമാനമായ രീതിയിൽ ലഹരിമരുന്നുകൾ പിടികൂടിയിട്ടുണ്ട്.

എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ, പ്രിവന്റീവ് ഓഫിസര്‍ ബാബു, സിവിൽ എക്സൈസ് ഓഫിസര്‍മാരായ രാഹുൽ, വിബിൻ, ദീപു, ഇമ്മാനുവൽ, ജോൺസൺ, വനിതാ ഓഫിസര്‍ നിമ്മി കൃഷ്ണൻ, ഡ്രൈവർ രജിത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.