
കോഴിക്കോട്: നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകള്‍ പിടികൂടി അഞ്ച് ലക്ഷം രൂപ പിഴയിട്ടു. അമ്പലപ്പുഴ വെള്ളംതെങ്ങില്‍ കക്കാഴം സ്വദേശി ഷാജിമോന്റെ ഉടമസ്ഥതയിലുള്ള സന്നിധാനം, ബേപ്പൂര്‍ അരക്കിണര്‍ സ്വദേശി തലക്കകത്ത് മജീദിന്റെ ഉടമസ്ഥതയിലുള്ള മുഹബ്ബത്ത് 3 എന്നീ ബോട്ടുകളാണ് പിടികൂടിയത്. ബേപ്പൂര്‍ ഫിഷറീസ് അസി. ഡയറക്ടര്‍ സുനീറിന്റെ നേതൃത്വത്തിലുള്ള സംഘം ബേപ്പൂര്‍ ഹാര്‍ബര്‍ പരിസരത്തുവെച്ചാണ് ബോട്ടുകള്‍ കസ്റ്റഡിയില്‍ എടുത്തത്.
നിയമാനുസൃതമല്ലാത്ത പെലാജിക് നെറ്റ് ഉപയോഗിച്ചും ഇരട്ടവല ഉപയോഗിച്ചും അനുവദനീയ അളവിലും കൂടുതല്‍ ചെറുമത്സ്യങ്ങള്‍ പിടിച്ചതിനുമാണ് നടപടിയെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഫിഷറീസ് എക്സ്റ്റന്റഷന്‍ ഓഫീസര്‍ ഡോ. കെ വിജുല, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എസ്‌ഐ ഓഫ് ഗാര്‍ഡ് ടികെ രാജേഷ്, ഫിഷറീസ് ഗാര്‍ഡുമാരായ ബിബിന്‍, ശ്രീരാജ്, സീ റസ്‌ക്യൂ ഗാര്‍ഡ് വിഘ്‌നേഷ് തുടങ്ങിയവരും നടപടികളില്‍ പങ്കെടുത്തു.