ചീഫ് ജസ്റ്റിസിന്‍റെ 'സമ്മാനം' അപ്രതീക്ഷിതം, ആഹ്ളാദം; വിഷമം കൊണ്ട് കത്തെഴുതിയ അഞ്ചാം ക്ലാസുകാരിക്ക് പറയാനേറെ

By Elsa Tresa JoseFirst Published Jun 9, 2021, 3:18 PM IST
Highlights

കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്കരിക്കുന്നതും ഓക്സിജന്‍ ലഭിക്കാതെ ആളുകള്‍ നിരത്തിലും മറ്റുമായി കാത്തിരിക്കുന്നതുമായി വന്ന വാര്‍ത്തകള്‍ വിഷമമുണ്ടാക്കി. എന്തുകൊണ്ടാണ് ആരും ഒന്നും ചെയ്യാത്തതെന്നായിരുന്നു തോന്നിയത്. വാക്സിന്‍ വിതരണത്തില്‍ കോടതി നടത്തിയ ഇടപെടലുകള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോ സന്തോഷം തോന്നിയെന്ന് ലുഡ്വിന 

ചീഫ് ജസ്റ്റിസ് തന്‍റെ കത്ത് കാണുമെന്ന് ഒരു പ്രതീക്ഷ പോലും ഇല്ലാതിരുന്ന സമയത്ത് ചീഫ് ജസ്റ്റിസില്‍  അഭിനന്ദനവും സമ്മാനം കിട്ടിയതിന്‍റെ ആഹ്ളാദത്തിലാണ് അഞ്ചാം ക്ലാസുകാരിയായ ലുഡ്വിന ജോസഫ്. കൊവിഡ് വിഷയം സംബന്ധിച്ച് സുപ്രീം കോടതിയുടെ ഇടപെടലുകളെ അഭിനന്ദിച്ച് കത്തെഴുതിയതിന് പിന്നാലെ ചീഫ് ജസ്റ്റിസ് എന്‍ വി രമണ നേരിട്ടാണ് ലുഡ്വിനയ്ക്ക് മറുപടിക്കത്തും, ചീഫ് ജസ്റ്റിസിന്‍റെ ഒപ്പോട് കൂടിയ ഭരണഘടനയും ലുഡ്വിനയ്ക്ക് സമ്മാനമായി അയച്ചത്. 

വാര്‍ത്തയില് വന്നതിനേക്കുറിച്ച് സന്തോഷമുണ്ട്. വൈറലാവണം എന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല കത്തെഴുതിയത്. നിരവധിപ്പേരെ സഹായിക്കാന്‍ കോടതിയുടെ ഇടപെടലിന് സാധിച്ചു. ചാനലുകളിലും പേപ്പറുകളില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്കരിക്കുന്നതും ഓക്സിജന്‍ ലഭിക്കാതെ ആളുകള്‍ നിരത്തിലും മറ്റുമായി കാത്തിരിക്കുന്നതുമായി വന്ന വാര്‍ത്തകള്‍ വിഷമമുണ്ടാക്കി.

എന്തുകൊണ്ടാണ് ആരും ഒന്നും ചെയ്യാത്തതെന്നായിരുന്നു തോന്നിയത്. വാക്സിന്‍ വിതരണത്തില്‍ കോടതി നടത്തിയ ഇടപെടലുകള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോ സന്തോഷം തോന്നിയെന്ന് ലുഡ്വിന ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.

 സുപ്രീം കോടതിക്ക് കത്തെഴുതിയാലോയെന്ന് രക്ഷിതാക്കളോട് പറഞ്ഞു. കത്തിനൊപ്പം ഒരു ചിത്രം കൂടി ചെയ്തോയെന്ന ആശയം പപ്പയാണ് മുന്നോട്ട് വച്ചത്. കത്തില് വന്ന ചെറിയ തിരുത്തുകള്‍ പപ്പ ചെയ്തുവെന്നും ലുഡ്വിന പറയുന്നു. ഇന്നലെയാണ് ചീഫ് ജസ്റ്റിസിന്‍റെ മറുപടിയും സമ്മാനവും എത്തുന്നത്. ഒരു സ്വപ്നം പോലെയാണ് തോന്നിയതെന്നും ലുഡ്വിന പറയുന്നു. മകള്‍ കത്തെഴുതുന്ന കാര്യം പറഞ്ഞപ്പോ അത്ര സീരിയസ് ആയി കരുതിയില്ല. പിന്നെയും ലുഡ്വിന ഇത് ആവര്‍ത്തിച്ചപ്പോള്‍ അവളുടെ ആഗ്രഹം നടക്കട്ടേയെന്ന് കരുതി. കത്തെഴുതി കയ്യില്‍ നല്‍കി അയക്കണം എന്ന് നിര്‍ബന്ധിച്ചു. 

പിന്നെ രണ്ടും കല്‍പ്പിച്ച് മകളുടെ കത്ത് സുപ്രീം കോടതിക്ക് അയക്കുകയായിരുന്നുവെന്നും ജോസഫ് പറയുന്നു. ഇത്തരമൊരു പ്രതികരണം തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ക്കുന്നു. ചിത്രം വരയ്ക്കാനും നൃത്തം ചെയ്യാനും താല്‍പര്യമുള്ള കുട്ടിയാണ് ലുഡ്വിനയെന്നാണ് പിതാവിന്‍റെ പ്രതികരണം.  ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഇന്‍റര്‍നെറ്റ് സംവിധാനവും മൊബൈല്‍ ഫോണുമൊക്കെ കുട്ടികള്‍ക്ക് നല്‍കുന്ന സര്‍ക്കാരിന് ആശംസയുമായി ഒരു കത്തെഴുതാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചുമിടുക്കി.

റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനും ഇപ്പോൾ തൃശൂർ സെൻട്രൽ പോസ്റ്റ് ഓഫിസിൽ ജീവനക്കാരനുമായ ജോസഫ് കെ.ഫ്രാൻസിസിന്റെയും സേക്ര‍ഡ് ഹാർട്ട് എൽപി സ്കൂളിൽ അധ്യാപികയായ ബിൽസിയുടെയും മകൾ ആണ് ലിഡ്വിന. സഹോദരങ്ങൾ: ഇസബെൽ, കാതറിൻ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!