
ഇടുക്കി: 50 ലക്ഷം രൂപ അനുവദിച്ച് ഒന്നര വർഷം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി തുടങ്ങാത്ത ഒരു റോഡ് ഇടുക്കിയിലുണ്ട്. ചിന്നാർ നാലാംമൈൽ കൊച്ചുകരിന്തരുവി റോഡിനാണ് ഈ ദുർഗതി. തകർന്നു തരിപ്പണമായതിനാൽ വർഷങ്ങളായി ഇതുവഴിയുള്ള യാത്ര നടുവൊടിക്കുന്നതാണ്.
കുട്ടിക്കാനം - പുളിയൻമല മലയോര ഹൈവേയിലെ ചിന്നാർ നാലാം മൈലിൽ നിന്നും വാഗമൺ മൊട്ടക്കുന്നിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ പാതയാണിത്. വിനോദ സഞ്ചാരികളുടെ ഉൾപ്പെടെ നൂറു കണക്കിന് വാഹനങ്ങൾ ഇതുവഴി യാത്ര ചെയ്തിരുന്നതാണ്. വർഷങ്ങൾക്കു മുമ്പ് റോഡ് പൂർണമായും തകർന്നതോടെ ഇതുവഴി സഞ്ചാരികൾ വരാതെയായി. ലക്ഷം വീട് കോളനിയിലടക്കം 500 ലധികം കുടുംബങ്ങൾ നിത്യേന ഉപയോഗിക്കുന്ന റോഡുമാണിത്. കൈതപ്പതാൻ ഗവ. എൽ പി സ്കൂളിൽ കുട്ടികൾ എത്തേണ്ടതും ഇതുവഴിയാണ്.
നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് വാഴൂർ സോമൻ എം എൽ എ റോഡ് സഞ്ചാര യോഗ്യമാക്കാൻ 50 ലക്ഷം രൂപ അനുവദിച്ചു. എം പി, എം എൽ എ എന്നിവരുടെ ഫണ്ടുപയോഗിച്ച് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകളാണ് പണി ചെയ്യാറുള്ളത്. എന്നാൽ ഇതിനു വിപരീതമായി കളക്ടർ അധ്യക്ഷയായ ജില്ലാ നിർമിതി കേന്ദ്രത്തിനു നൽകിയതാണ് പ്രശ്നമായത്. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതു മുതൽ നിർമിതി കേന്ദ്രം വീഴ്ചവരുത്തി. കരാറുകാരൻറെയും അധികൃതരുടെയും അനാസ്ഥ കാരണം റോഡ് പണി അനിശ്ചിതമായി നീളുകയാണ്. ഉടൻ പണി തുടങ്ങിയില്ലെങ്കിൽ സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam