
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷൻ വെയര്‍ഹൗസില്‍ വിജിലന്‍സ് പരിശോധന. ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയിലെ 25 അംഗ സംഘമാണ് ഇന്നലെ ആറ്റിങ്ങലിലെ വെയർഹൗസിൽ റെയ്ഡ് നടത്തിയത്. കാലപ്പഴക്കം ചെന്നതും സ്റ്റിക്കര്‍, ലേബല്‍ എന്നിവയില്ലാത്തതുമായ മദ്യം, ബിയറുകള്‍, വിലയേറിയ മദ്യം എന്നിവ കണ്ടെത്തി.
ആറ്റിങ്ങല്‍ വലിയകുന്നിലെ വെയർഹൗസിൽ നിന്ന് കണക്കിൽപ്പെടാത്ത 50 കെയ്സ് മദ്യം കൂടെ കണ്ടെത്തിയിട്ടുണ്ട്. 40,000 കെയ്‌സ് സൂക്ഷിക്കേണ്ട സ്ഥലത്ത് 60,000 കെയ്‌സുകളാണ് കണ്ടെത്തിയത്. ഇവ കണക്കില്‍ ഉള്‍പ്പെട്ടതാണെങ്കിലും 50 കെയ്‌സുകള്‍ കണക്കില്‍പ്പെടാത്തവയാണെന്ന് വിജിലന്‍സ് സംഘം പറഞ്ഞു. വില കൂടിയ മദ്യം, ബിയറുകള്‍, കാലപ്പഴക്കം വന്നതും, സ്റ്റിക്കര്‍ ലേബല്‍ എന്നിവയില്ലാത്ത മദ്യ കെയിസുകള്‍ എന്നിവയാണ് കണക്കില്‍ പെടാതെ കിടക്കുന്നത്.
രണ്ട് മാസം മുമ്പ് നടത്തിയ പരിശോധനയില്‍ സ്റ്റോക്കില്‍ വലിയ വ്യത്യാസം കണ്ടിരുന്നു. ഇവ ക്രമപ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും പരിശോധന നടത്തിയത്. എന്നാൽ മടക്കി അയയ്‌ക്കേണ്ടവയും നശിപ്പിക്കേണ്ടതുമായ മദ്യമാണ് അധികമായി കണ്ടെത്തിയതെന്ന് സ്റ്റോര്‍ അധികൃതര്‍ പറയുന്നു. ക്രമക്കേടുകളെക്കുറിച്ച് പരിശോധന തുടരുകയാണെന്നും വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.