മകനൊപ്പം കോളേജിൽ ഒന്നിച്ചു പഠിച്ച് പാസ്സായി 54 കാരൻ; ഇരുവരും നേടിയത് മിന്നും വിജയം

By Web TeamFirst Published Sep 13, 2020, 9:34 AM IST
Highlights

ഇരുവരും ഒന്നിച്ചായിരുന്നു കോളേജിലേക്കുള്ള യാത്രയും പഠിത്തവും എല്ലാം. കോളേജിലെ പാഠ്യേതര പ്രവർത്തനങ്ങളിലും ഇരുവരും പങ്കെടുക്കുകയും സഹപാഠികളുടെയും അധ്യാപകരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. 

ചാരുംമൂട്: ഒരേ ക്ലാസ്റൂമിൽ പഠിച്ച് 54കാരൻ മകനോടൊപ്പം ഒന്നാം ക്ലാസിൽ പാസ്സായി. നൂറനാട് മുതുകാട്ടുകര ലക്ഷ്മി ഭവനത്തിൽ വി.കെ.രാജുവും മകൻ അരവിന്ദനുമാണ് കഴിഞ്ഞ ഒരു വർഷക്കാലം സഹപാഠികളായി ജെ.ഡി.സി പഠിച്ച് ഫസ്റ്റ് ക്ലാസ് നേടി പാസായത്. ആറന്മുള സഹകരണ കോളേജിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും.

നൂറനാട് എരുമക്കുഴി ക്ഷീരോൽപ്പാദന സഹകരണ സംഘത്തിലെ ജീവനക്കാരനാണ് രാജു. ഇവിടെ ലാബ് അസിസ്റ്റൻ്റായി ജോലിക്കയറ്റം കിട്ടുന്നതിനാണ് ജെ.ഡി.സി പഠിക്കുന്നതിനായി മകൻ അരവിന്ദനൊപ്പം കോളേജ് ക്യാമ്പസിലേക്ക് വിദ്യാർഥിയായി എത്തിയത്. തുടർന്ന് പഠനത്തിൽ ഇരുവരും ഫസ്റ്റ് ക്ലാസ്സ് വാങ്ങി ചരിത്രം കുറിക്കുകയും ചെയ്തു. ബിടെക് കഴിഞ്ഞ ശേഷമാണ് അരവിന്ദൻ ജെ.ഡി.സിക്ക് ചേർന്നത്. ഇരുവരും ഒന്നിച്ചായിരുന്നു കോളേജിലേക്കുള്ള യാത്രയും പഠിത്തവും എല്ലാം. കോളേജിലെ പാഠ്യേതര പ്രവർത്തനങ്ങളിലും ഇരുവരും പങ്കെടുക്കുകയും സഹപാഠികളുടെയും അധ്യാപകരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. 

കോളേജ് പ്രിൻസിപ്പാൾ ഇന്ദിരയുടെയും മറ്റ് അധ്യാപകരുടെയും ഭാഗത്തു നിന്ന് നല്ല സഹകരണമാണ് ഉണ്ടായിരുന്നതെന്ന് ഇരുവരും പറയുന്നു. മുതുകാട്ടുകര എസ്.എൻ.ഡി.പി ശാഖയോഗം, എസ്.എൻ. വിവേക് വിദ്യാമന്ദിർ എന്നിവയിൽ പതിനഞ്ചു വർഷം സെക്രട്ടറിയായും,  മലയാള പത്രങ്ങളുടെ നൂറനാട്ടെ ഏജൻ്റായും രാജു പ്രവർത്തിച്ചു. പഠനത്തിന് വേണ്ടി ഇതെല്ലാം ഉപേക്ഷിച്ചാണ് കോളേജിൽ പോയത്. നിലവിൽ എസ്.എൻ.ഡി.പി പന്തളം യൂണിയൻ കൗൺസിലർ, സത്യപഥം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് എന്നി നിലകളിൽ പ്രവർത്തിക്കുകയാണ് രാജു. ശൂരനാട് വടക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ മിനിയാണ് സഹധർമ്മിണി. ഇളയ മകൻ അശ്വന്ത് ബി.സി.എ ബിരുദധാരിയാണ്.

click me!