
കോഴിക്കോട് : കോഴിക്കോട് വിലങ്ങാട് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. വലിയ പാനോം സ്വദേശി സുദേവൻ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുരുമുളക് പറിക്കുന്നതിനിടെയായിരുന്നു സംഭവം. ഈ പ്രദേശത്ത് ഇന്നലെ രണ്ട് പേർക്കും ഇന്ന് മൂന്ന് പേർക്കും കടന്നൽ കുത്തേറ്റിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം തൃശ്ശൂർ വെട്ടൂകാട് തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചിരുന്നു. വെട്ടുകാട് സ്വദേശി വിജയൻ നായരാണ് മരിച്ചത്. തേനീച്ചയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. രാജു കല്ലോലിക്കൽ, എൽദോസ് കൊച്ചു പുരയ്ക്കൽ (ഏഴാങ്കല്ല് സ്വദേശി ), കമലാകരൻ (മാന്നാ മംഗലം), ശാരദ ( മരിച്ച വിജയൻ നായരുടെ ഭാര്യ), വർഗീസ് എന്നിവർക്കാണ് തേനീച്ചയുടെ ആക്രമണം ഏറ്റത്.
ബന്ധുവായ രാമചന്ദ്രന്റെ വീട്ടിലെത്തിയേപ്പോഴായിരുന്നു വിജയൻ നായർക്ക് തേനീച്ചയുടെ ആക്രമണമേറ്റത്. തൊട്ടടുത്ത വർക്ക് ഷോപ്പിന് മുകളിൽ നിന്നാണ് തേനീച്ച കൂടിളകിയത്. മറ്റുള്ളവർ ഓടിയെങ്കിലും വിജയൻ നായർ വീണു. ചൂട്ട് കത്തിച്ച് തേനീച്ചകളെ ഓടിച്ച ശേഷമാണ് വിജയൻ നായരെ ആശുപത്രിയിലെത്തിച്ചത്. പരുന്ത് കൊത്തിയതിനെ തുടർന്നാണ് തേനീച്ചക്കൂട് ഇളകിയത്.