പത്തനംതിട്ടയിൽ ഹോം നഴ്സിന്റെ ക്രൂരമർദ്ദനമേറ്റ 59കാരൻ മരിച്ചു

Published : May 25, 2025, 08:28 AM ISTUpdated : May 25, 2025, 08:38 AM IST
പത്തനംതിട്ടയിൽ ഹോം നഴ്സിന്റെ ക്രൂരമർദ്ദനമേറ്റ 59കാരൻ മരിച്ചു

Synopsis

വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മർദ്ദിച്ച ശേഷം നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മർദ്ദനത്തെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായിരുന്നു.

പത്തനംതിട്ട: ഹോം നഴ്സിൻറെ മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ 59 കാരൻ മരിച്ചു. പത്തനംതിട്ട തട്ട സ്വദേശി ശശിധരൻ പിള്ളയാണ് മരിച്ചത്. അൽഷിമേഴ്സ് രോഗിയായ ശശിധരൻ പിള്ളയെ ഒരു മാസം മുമ്പാണ് ഹോം നഴ്സ് വിഷ്ണു അതി ക്രൂരമായി മർദ്ദിച്ചത്. നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിൽ കൊടുമൺ പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു. മരണത്തിന് കാരണം ഹോം നഴ്സാണെന്ന് ബന്ധുക്കൾ ആരോപിച്ചു. 

വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മർദ്ദിച്ച ശേഷം നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മർദ്ദനത്തെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. വീടിനുള്ളിൽ പലഭാഗത്തായി പൊലീസ് രക്തക്കറ കണ്ടെത്തി. വീട്ടിൽ ഹോം നഴ്സും ശശിധരൻപിള്ളയും മാത്രമാണ് താമസിച്ചിരുന്നത്. ശശിധരൻപിള്ളയ്ക്ക് വീണുപരിക്കേറ്റെന്ന് കളവ് പറഞ്ഞാണ് വിഷ്ണു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ പരിക്കുകളിൽ ഡോക്ടർമാർക്ക് സംശയം തോന്നിയപ്പോഴാണ് വീടിനുള്ളിലെ സിസിടിവി ബന്ധുക്കൾ പരിശോധിച്ചത്. അങ്ങനെയാണ് കൊടുംക്രൂരത പുറത്തറിഞ്ഞത്. ജോലി ആവശ്യത്തിനായി ശശിധരപിള്ളയുടെ ഭാര്യയും മറ്റ് കുടുംബാഗങ്ങളും തിരുവനന്തപുരം പാറശ്ശാലയിലാണ് താമസം. രോഗബാധിതനെ പരിചരിക്കാൻ ഏജൻസി വഴിയാണ് വിഷ്ണുവിനെ ജോലിക്ക് നിർത്തിയത്. 

സിസിടിവി ഉള്ളത് കൊണ്ട് മാത്രമാണ് സംഭവം പുറത്തറിഞ്ഞതെന്ന് വാർഡ് അം​ഗമായ പ്രസാദ് പറയുന്നു. ''അടുക്കളയിൽ നിന്നാണ് ന​ഗ്നനായ മനുഷ്യനെ വലിച്ചിഴച്ചു കൊണ്ട് പോകുന്നത്. തല കൊണ്ടുവന്ന് ഭിത്തിയിലിടിപ്പിച്ചതിന്റെ ചോരപ്പാടുകൾ ഇപ്പോഴും അവിടെയുണ്ട്. എഴുന്നേറ്റ് നടക്കാതിരിക്കാൻ ശശിധരൻപിള്ളയുടെ രണ്ട് കാലും ഇവൻ തല്ലിയൊടിച്ചിട്ടാണ്, തല കൊണ്ടുവന്ന് ഭിത്തിയിലിടിപ്പിച്ചത്. ഇവൻ സ്ഥിരം മദ്യപാനിയാണ്. എഴുന്നേറ്റ് നടക്കാതിരിക്കാൻ വേണ്ടിയാണ് കട്ടിലിൽ അടിച്ചൊടിച്ച് ഇട്ടിരിക്കുന്നത്. മദ്യപിക്കാൻ വേണ്ടിയാണ് അദ്ദേഹ​ത്തെ ഈ പരുവത്തിലാക്കിയിട്ടത്.'' വാർഡ് അം​ഗമായ പ്രസാദ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

മറവി രോഗമുള്ളതിനാൽ ശശിധരൻപിള്ളയ്ക്ക് ഒപ്പം എപ്പോഴും ഉണ്ടാകണമെന്ന് ബന്ധുക്കൾ വിഷ്ണുവിനോട് നിർബന്ധം പറഞ്ഞിരുന്നു. തന്‍റെ സ്വകാര്യ ആവശ്യങ്ങൾക്ക് പുറത്തുപോകാൻ പറ്റാത്ത അവസ്ഥയായി. ശരീരഭാരം കൂടിയ ശശിധരൻപിള്ളയെ എഴുന്നേൽപ്പിക്കുന്നത് അടക്കം പരിചരണം പ്രയാസകരമായിരുന്നു. ഇതെല്ലാം വൈരാഗ്യത്തിന് കാരണമായെന്നും അതിനാണ് മർദ്ദിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വിഷ്ണു സ്ഥിരം മദ്യപാനിയാണെന്നും പൊലീസ് പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി