തൃശൂരിൽ 13 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 60 കാരൻ 45 വര്‍ഷം അഴിക്കുള്ളിൽ, 2.25 ലക്ഷം പിഴയുമൊടുക്കണം

By Web TeamFirst Published Apr 23, 2024, 7:54 PM IST
Highlights

പോക്‌സോ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷം കഠിനതടവും കൂടാതെ അഞ്ചു വര്‍ഷം തടവും 2,25,000 രൂപ പിഴയും ഒടുക്കണം.

തൃശൂര്‍: 13 വയസുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 45 വര്‍ഷം തടവും 2,25,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് രവിചന്ദര്‍ സി.ആര്‍. വിധി പ്രസ്താവിച്ചു. 2020 കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത 13 വയസുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് വെള്ളിക്കുളങ്ങര പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ മറ്റത്തൂര്‍ സ്വദേശി രാജനെതിരെയാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. 

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 13 സാക്ഷികളെയും 24 രേഖകളും തെളിവുകളായി നല്‍കിയിരുന്നു. വെള്ളിക്കുളങ്ങര പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ഡേവിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ മിഥുനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രജനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. 

പോക്‌സോ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷം കഠിനതടവും കൂടാതെ അഞ്ചു വര്‍ഷം തടവും 2,25,000 രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കാതിരുന്നാല്‍ 15 മാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കുവാനും പ്രതി റിമാന്‍ഡ് കാലയളവില്‍ ജയിലില്‍ കഴിഞ്ഞ കാലയളവ് ശിക്ഷയില്‍ ഇളവ് നല്‍കുവാനും വിധിയില്‍ നിര്‍ദേശമുണ്ട്.

Read More : അഡ്വ. അനീഷ്യയുടെ ആത്മഹത്യ; പരവൂർ കോടതിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും എ.പി.പിയും അറസ്റ്റിൽ

click me!