
കല്യോട്ട്: പ്രാദേശീക പാര്‍ട്ടി നേതൃത്വത്തിന്‍റെ ഒത്താശയോടെ ഇരട്ടക്കൊല നടന്ന കാസര്‍കോട് ജില്ലയിലെ കല്യോട്ട് സിപിഎമ്മില്‍ നിന്ന് പ്രവര്‍ത്തകരും അനുഭാവികളുമായ 65 ഓളം പേര്‍ കോൺഗ്രസില്‍ ചേര്‍ന്നു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും ബന്ധുക്കളും സിപിഎം അനുഭാവികളുൾപ്പെടെയുള്ളവരാണ് കോൺഗ്രസിൽ ചേർന്നത്. സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ഇവർ പറഞ്ഞു.
കൊല്ലപ്പെട്ട കൃപേഷിന്‍റെ കുടുംബത്തിന് ഹൈബി ഈഡന്‍ പണിത വീടിന്‍റെ പാലുകാച്ചല്‍ ഇന്നാണ്. ഇതിനിടെ ഇന്നലെയാണ് പ്രവര്‍ത്തകരും അനുഭാവികളുമായ 65 -ളം പേര്‍ സിപിഎം വിട്ടത്. 27 കുടുംബങ്ങളിൽ നിന്നായി 65 പേരാണ് കോൺഗ്രസിൽ ചേർന്നത്. കല്യോട്ട് നടന്ന സ്വീകരണയോഗത്തിൽ ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിൽ ഇവരെ മാലയിട്ട് സ്വീകരിച്ചു.
കല്യോട്ടെ പ്രഭാകരൻ, കുഞ്ഞമ്പു, കൃഷ്ണൻ, ശെൽവരാജ്, തന്നിത്തോട്ടെ രഘു, നാണു, അരങ്ങനടുക്കം ശ്രീജിത്ത്, രാജീവൻ എന്നിവരെ ഡിസിസി പ്രസിഡൻറ് ഹാരമണിയിച്ചു. ഇവരുടെ കുടുംബാംഗങ്ങളെയും വേദിയിലിരുത്തിയായിരുന്നു സ്വീകരണം നടത്തിയത്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ ടി സിദ്ദിഖ് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. എന്നാല്‍ കോൺഗ്രസിന്‍റെ പഴയകാല പ്രവർത്തകരെ മാലയിട്ട് സ്വീകരിച്ച് കള്ളപ്രചാരണം നടത്തുകയാണെന്ന് സിപിഎം പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ ആരോപിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam