ഇരിങ്ങാലകുടയില്‍ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍

By Web TeamFirst Published Aug 17, 2021, 6:17 AM IST
Highlights

സുഹ്റ അടക്കമുള്ളവർ നിരീക്ഷണത്തിലായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ സുഹ്റ കുറ്റം സമ്മതിക്കുകയായിരുന്നു. 

ഇരിങ്ങാലക്കുട: ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. ഇരിങ്ങാലകുട കരൂപ്പടന്ന മേപ്പുറത്ത് അലി മരിച്ച സംഭവത്തിൽ ഭാര്യ സുഹ്റയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളി പുലർച്ചെയാണ് പാലിയേറ്റീവ് കെയർ ഭാരവാഹി കൂടിയായ അലിയെ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹ്റ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുളിമുറിയിൽ തലയിടിച്ചു വീണതാണെന്നാണ് മരണകാരണമായി സുഹ്റ പറഞ്ഞത്. അറുപത്തിയഞ്ചു വയസുകാരനായിരുന്നു അലി.

എന്നാല്‍ പൊലീസ് ഇത് വിശ്വാസത്തിലെടുത്തില്ല. സുഹ്റ അടക്കമുള്ളവർ നിരീക്ഷണത്തിലായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ സുഹ്റ കുറ്റം സമ്മതിക്കുകയായിരുന്നു. അലി കൊല്ലപ്പെട്ട ദിവസം രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും, സുഹ്റയെ അടിക്കാനായി അടുക്കളയിൽ നിന്ന് എടുത്ത മരത്തടി പിടിച്ചു വാങ്ങി അലിയുടെ തലയ്ക്ക് അടിക്കുകയായിരുന്നെന്ന് സുഹ്റ മൊഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

തൃശ്ശൂര്‍ റൂറൽ പൊലീസ് മേധാവി പി.ജി. പൂങ്കുഴലി, ഡിവൈഎസ്പി ബാബു കെ. തോമസ്, ഇൻസ്പെക്ടർ എസ്.പി. സുധീരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് കേസ് അന്വേഷിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!