
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നും ഓട്ടോയില്‍ കയറിയ വയോധികയെ ആക്രമിച്ച് രണ്ടര പവന്‍ വരുന്ന സ്വര്‍ണമാല കവര്‍ന്നതായി പരാതി. വയനാട് പുല്‍പ്പള്ളി സ്വദേശിനിയായ ആണ്ടുകാലായില്‍ ജോസഫീന(68) ആണ് അജ്ഞാതനായ ഓട്ടോ ഡ്രൈവറുടെ ക്രൂരമായ ആക്രമണത്തിന് വിധേയയായത്. താടിയെല്ലിനുള്‍പ്പെടെ സാരമായി പരിക്കേറ്റ ജോസഫീനയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് ഇവര്‍ക്കുനേരെ ആക്രമണം ഉണ്ടായത്. കായംകുളത്തുള്ള മകനെ സന്ദര്‍ശിച്ച് മലബാര്‍ എക്‌സ്പ്രസ്സ് ട്രെയിനില്‍ തിരിച്ചു വന്നതായിരുന്നു ഇവര്‍. പുലര്‍ച്ചെയാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയത്. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലേക്ക് പോകാനായി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങി നടന്നു. ഇതിനിടെ സമീപത്തെത്തിയ ഓട്ടോ ഡ്രൈവര്‍ എങ്ങോട്ടാണ് പോകേണ്ടതെന്ന് ചോദിച്ച് ഓട്ടോയില്‍ കയറാന്‍ പറയുകയായിരുന്നു.
എന്നാല്‍ ഇയാള്‍ ബസ് സ്റ്റാന്റിലേക്ക് പോകാതെ മറ്റ് വഴികളിലൂടെ കറങ്ങുകയും സംശയം തോന്നി കാര്യം അന്വേഷിച്ചപ്പോള്‍ പുറകിലൂടെ കൈയ്യിട്ട് കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുക്കുകയും ചെയ്തു എന്നാണ് ജോസഫീന പാലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. തുടര്‍ന്ന് ഇവരെ റോഡിലേക്ക് തള്ളിയിടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ജോസഫീനയുടെ താടിയെല്ല് പൊട്ടുകയും പല്ല് പൂര്‍ണമായും കൊഴിഞ്ഞ് പോവുകയും ചെയ്തു. മുഖത്തും കൈക്കും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് ഇയാള്‍ ഓട്ടോ നിര്‍ത്തി അടുത്ത് വന്ന് നോക്കിയതായും പിന്നീട് ഇവിടെ നിന്നും കടന്നുകളഞ്ഞതായും ജോസഫീന മൊഴി നല്‍കി.
അതേസമയം ഓട്ടോക്കാരന്‍ പോയതിന് പിന്നാലെ ഇതുവഴി എത്തിയ ആളോട് സഹായം ആവശ്യപ്പെട്ടെങ്കിലും അയാള്‍ സഹായിക്കാതെ പോവുകയായിരുന്നുവെന്ന് ജോസഫീന പറഞ്ഞു. പിന്നീട് ഒരുവിധത്തില്‍ എഴുന്നേറ്റ് ബസ്റ്റാന്റില്‍ എത്തി കോഴിക്കോട് കൂടരഞ്ഞിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ഇവരാണ് പരിക്കേറ്റ ജോസഫീനയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുത്രിയില്‍ എത്തിച്ചത്. രണ്ട് താടിയെല്ലിനും പൊട്ടലേറ്റ ജോസഫീനയെ ഇന്നലെ ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam