
തിരുവനന്തപുരം: മൃഗങ്ങളുടെ ചൂഷണവും ദുരിതവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഏഴുദിവസത്തെ നിരാഹാര സമരം. ഇന്ന് രാവിലെ 11ന് സാമൂഹ്യ പ്രവര്‍ത്തകനും മൃഗസ്‌നേഹിയുമായ ജീവന്‍ ജയകൃഷ്ണന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പ്രതിഷേധത്തിൽ കേരളത്തിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മൃഗസ്നേഹികൾ പങ്കെടുക്കും. മനുഷ്യരുടെ ആവശ്യങ്ങൾക്കായി മൃഗങ്ങളെ വളർത്തുകയും കൂട്ടിലടയ്ക്കുകയും വിവിധ രീതിയിൽ ഉപയോഗിക്കുകയും കൊല്ലുകയും ചെയ്യുന്ന വ്യവസ്ഥകൾ അവസാനിപ്പിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. മൃഗങ്ങളുടെ ദുരിതം തടയുന്നതിന് ശക്തമായ നിയമപരവും ഭരണഘടനാപരവുമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തി മൃഗചൂഷണത്തിനെതിരായ സന്ദേശം പൊതുജനങ്ങളിലെത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.
മനുഷ്യനിയന്ത്രിത വ്യവസായങ്ങളിൽ മൃഗങ്ങൾ അനുഭവിക്കുന്ന ബന്ധനവും സ്വാതന്ത്ര്യനിഷേധവും പ്രതീകാത്മകമായി ചൂണ്ടിക്കാട്ടുന്നതിനായി നാല് പ്രവർത്തകർ കൂടുകൾക്കുള്ളിൽ ഇരുന്ന് ഏഴുദിവസം തുടർച്ചയായി നിരാഹാര സമരം നടത്തും. മൃഗങ്ങളുടെ ദുരിതം തടയുന്നതിനും മൃഗചൂഷണംഅവസാനിപ്പിക്കുന്നതിനുമുള്ള നിയമപരവും ഭരണഘടനാപരവുമായ നടപടികൾ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. പ്രതിഷേധത്തിൽ പങ്കുചേരാനും പിന്തുണ നൽകാനും പൊതുജനങ്ങളോട് സംഘാടകർ അഭ്യർഥിച്ചു. മുമ്പും ഇതേ കൂട്ടായ്മ സെക്രട്ടേറിയറ്റിന് മുന്നിൽ സമാനപ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam