കൊച്ചി മെട്രോ രണ്ടാം ഘട്ടമായ പിങ്ക് ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ സ്മാർട് സിറ്റി വരെയുള്ള 11.20 കിലോമീറ്റർ പാതയുടെ നിർമ്മാണം 2027 ഓഗസ്റ്റിൽ പൂർത്തിയാക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്. പ്രതിസന്ധികൾ മറികടന്ന് 24 മണിക്കൂറും നടക്കുന്ന നിർമ്മാണത്തിൽ ഇതിനോടകം 5 കിലോമീറ്ററോളം പാലം സജ്ജമായിട്ടുണ്ട്.
കൊച്ചി: വ്യവസായ നഗരത്തിന്റെ വന്‍ വികസനത്തിന് നെടുംതൂണാകുന്ന കൊച്ചി മെട്രോ രണ്ടാംഘട്ടമായ 'പിങ്ക് ലൈനിന്റെ' നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി കെഎംഎആര്‍െൽ. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട് വഴി സ്മാര്‍ട് സിറ്റിയിലേക്കുള്ള 11.20 കിലോമീറ്റര്‍ എലിവേറ്റഡ് പാതയുടെയും 11 സ്റ്റേഷനുകളുടെയും നിര്‍മാണമാണ് മുന്നേറുന്നത്. വയഡക്റ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2024 ജൂണ്‍ 12-നാണ് ആരംഭിച്ചത്. തുടക്കത്തില്‍ വിദേശ വായ്പാ അനുമതി വൈകിയതും, കെ.എസ്.ഇ.ബി - വാട്ടര്‍ അതോറിറ്റി ലൈനുകള്‍, ഗ്യാസ് പൈപ്പ് ലൈനുകള്‍ എന്നിവ മാറ്റിസ്ഥാപിക്കല്‍ അടക്കമുള്ള പ്രതിസന്ധികളും അതിജീവിച്ചാണ് പദ്ധതി നിര്‍ണായക ഘട്ടത്തിലെത്തിയത്. നിലവില്‍ 24 മണിക്കൂറും സജീവമായി നടക്കുന്ന നിര്‍മാണത്തിലൂടെ പ്രതിദിനം 30 മുതല്‍ 40 മീറ്റര്‍ വരെ പാത പൂര്‍ത്തിയാകുന്നുണ്ട്.
സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പൈലിങ്, പൈല്‍ ക്യാപ് നിര്‍മാണം തുടങ്ങിയ എല്ലാ ഫൗണ്ടേഷന്‍ ജോലികളും പൂര്‍ത്തിയായി. പാതയ്ക്കായുള്ള പൈലിങ് ജോലികളുടെ 92 ശതമാനവും പൂര്‍ത്തിയായി. 2028 പൈലുകളില്‍ 1877 എണ്ണവും, 470 തൂണുകളില്‍ 397 എണ്ണവും പൂര്‍ത്തിയാക്കി. 266 പിയര്‍ ക്യാപ്പുകളും സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ 346 യു(U) ഗര്‍ഡറുകളും 136 ഐ(I) ഗര്‍ഡറുകളും സ്ഥാപിച്ചതോടെ ഏകദേശം 5 കിലോമീറ്ററോളം ദൂരം പാലം(വയഡക്റ്റ്) സജ്ജമായിട്ടുണ്ട്. ബാരിക്കേഡുകള്‍ നീക്കി റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് മുന്നോടിയായി വയഡക്റ്റ് നിര്‍മാണം പൂര്‍ത്തിയായ ഇടങ്ങളില്‍ റോഡിന് മധ്യഭാഗത്തായി മീഡിയന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സിവില്‍ലൈന്‍ റോഡിലും ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ് വേ റോഡിലും ആരംഭിച്ചു.
ട്രാക്ക് വര്‍ക്ക്, സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷന്‍, വൈദ്യുതി വിതരണം എന്നിവയ്ക്കുള്ള എല്ലാ കരാറുകളും നല്‍കി. ട്രാക്ക് നിര്‍മാണത്തിനാവശ്യമായ റെയിലുകള്‍ കൊച്ചിയില്‍ എത്തിക്കഴിഞ്ഞു. ബാലസ്റ്റ് ലെസ്സ് ട്രാക്കിന്
ആവശ്യമായ 44 കിലോ മീറ്റര്‍(2,700 മെട്രിക് ടണ്‍) റെയിലുകള്‍ എത്തി. 18 മീറ്റര്‍ നീളത്തിലുള്ള 2444 റെയിലുകളാണ് എത്തിച്ചിരിക്കുന്നത്. ലിഫ്റ്റ്, എസ്‌കലേറ്റര്‍ മുതലായവയുടെ നിര്‍മാണ ജോലികള്‍ ഫാക്ടറികളില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഒക്ടോബറില്‍ ഇവ കൊച്ചിയില്‍ എത്തിക്കും.
സ്റ്റേഷനുകളുടെ നിര്‍മ്മാണവും സജീവമാണ്. പാതയുടെയുടെ സ്റ്റേഷനുകളുടെയും നിര്‍മാണത്തിനാവശ്യമായ പ്രീകാസ്റ്റ് എലമെന്റുകളുടെ നിര്‍മ്മാണം എച്ച്.എം.ടി കാസ്റ്റിംഗ് യാര്‍ഡില്‍ പുരോഗമിക്കുകയാണ്. പ്രധാന സിവില്‍ കരാര്‍ അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കമ്പനിക്കാണ്. കരാര്‍ നല്‍കിയതിനെത്തുടര്‍ന്നുള്ള ആദ്യ മാസങ്ങളില്‍ വിശദമായ സര്‍വേകള്‍, ജിയോ-ടെക്നിക്കല്‍ പരിശോധനകള്‍, ഡിസൈന്‍ വികസനം, വിവിധ യൂട്ടിലിറ്റികളുടെ തിരിച്ചറിയല്‍, എച്ച്.എം.ടി.യില്‍ കാസ്റ്റിംഗ് യാര്‍ഡ് സ്ഥാപിക്കല്‍ തുടങ്ങിയ നിര്‍ണായക പ്രാരംഭ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. വന്‍തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാന തയ്യാറെടുപ്പുകളായിരുന്നു ഇവ. വിവിധ ഏജന്‍സികളുടെ നിരന്തരമായ ഏകോപനത്തിലൂടെയും ആഴ്ചതോറുമുള്ള കൃത്യമായ അവലോകനങ്ങളിലൂടെയുമാണ് നിര്‍മാണം വേഗത്തിലാക്കുന്നത്. എല്ലാം നിര്‍മ്മാണ ജോലികളും പൂര്‍ത്തിയാക്കി 2027 ഓഗസ്റ്റില്‍ സര്‍വീസ് ആരംഭിക്കുവാനാണ് ലക്ഷ്യമിടുന്നത് കെ.എം.ആര്‍.എല്‍ അറിയിച്ചു.
കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം:സ്റ്റേഷനുകള്‍
ജെ.എല്‍.എന്‍. സ്റ്റേഡിയം (ഒന്നാം ഘട്ടവുമായുള്ള ഇന്റര്‍ചേഞ്ച് സ്റ്റേഷന്‍)
1.പാലാരിവട്ടം ജംഗ്ഷന്‍
2.ആലിന്‍ചുവട്
3.ചെമ്പുമുക്ക്
4.വാഴക്കാല
5.പടമുകള്‍
6.സിവില്‍ സ്‌റ്റേഷന്‍ ജംഗ്ഷന്‍
7.കൊച്ചി സെസ്
8.ചിറ്റേത്തുകര
9.കിന്‍ഫ്ര പാര്‍ക്ക്
10.ഇന്‍ഫോപാര്‍ക്ക്
11.സ്മാര്‍ട് സിറ്റി


