
കൊച്ചി: കളിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങിയ സൂചി 7 വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തു. മാലിദ്വീപ് സ്വദേശിയായ കുട്ടി ഈ മാസം 22 നാണ് വസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന വലിയ സൂചിയായ ഹിജാബ് പിൻ കളിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങിയത്. ഇതേ തുടർന്ന് രക്തസ്രാവം അനുഭവപ്പെട്ട കുട്ടിയെ ഉടൻ തന്നെ മാലിദ്വീപിലുള്ള ഇന്ദിരാഗാന്ധി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ചു. ഇവിടെ നടന്ന എക്‌സ്‌റേ പരിശോധനയിലാണ് സൂചി അപകടകരമായ നിലയിൽ ഇടതുവശത്തെ ശ്വാസകോശത്തിന്റെ ഏറ്റവും അടിത്തട്ടിൽ ലോവർ ലോബിനോട് ചേർന്ന് തിരശ്ചീനമായി കിടക്കുന്നതായി കണ്ടെത്തിയത്.
കടുത്ത ചുമയും രക്തസ്രാവവും തുടരുന്നതിനിടെ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി അടിയന്തരമായി ഹെലികോപ്റ്ററിൽ മാലിദ്വീപിൽ നിന്ന് കൊച്ചിയിലേക്കെത്തിക്കുകയായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ ചീഫ് ഇന്റർവെൻഷണൽ പൾമണോളജിസ്റ്റ് ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തിലാണ് കുട്ടിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ 5 സെന്റിമീറ്ററോളം നീളമുള്ള സൂചി റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെ പുറത്തെടുത്തത്. മൂന്നരമണിക്കൂറോളം നീണ്ട റിജിഡ് ബ്രോങ്കോസ്‌കോപ്പി നടപടിക്രമത്തിലൂടെയാണ് ഒടുവിൽ സൂചി പുറത്തെടുത്തത്. മറ്റ് അപകടസാധ്യതകൾ ഒഴിവാക്കാൻ സൂചിയുടെ അഗ്രഭാഗം ശ്വാസകോശത്തിനുള്ളിൽ വച്ച് തന്നെ ചെറുതായി വളച്ച ശേഷമാണ് സൂചി പുറത്തെടുത്തത്.
ഹൃദയത്തിലേക്കുള്ള പ്രധാന രക്തക്കുഴലുകൾക്ക് തൊട്ടടുത്തായാണ് സൂചി കുടുങ്ങിക്കിടന്നിരുന്നത് എന്നത് വലിയ വെല്ലുവിളിയായിരുന്നെന്നും, ഇത്രയും നീളത്തിലുള്ള സൂചി ഓപ്പൺ സർജറി കൂടാതെ, റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെ പുറത്തെടുക്കുന്നത് അപൂർവമാണെന്നും ഡോ.ടിങ്കു ജോസഫ് പ്രതികരിക്കുന്നത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ കുട്ടി മാതാപിതാക്കൾക്കൊപ്പം ഞായറാഴ്ച മാലിദ്വീപിലേക്ക് മടങ്ങും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam