കര്‍ഷകര്‍ക്ക് കണ്ണീര്‍; പ്രളയമെടുത്തത് 25 ലക്ഷം കോഴികളെ

By Web TeamFirst Published Sep 21, 2018, 10:38 PM IST
Highlights

തൃശൂര്‍, എറണാകുളം,ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്,മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പ്രളയത്തിലെ കോഴികള്‍ വന്‍തോതില്‍ ചത്തൊടുങ്ങിയത്

തൃശൂര്‍: മഴക്കെടുതിയില്‍ സംസ്ഥാനത്തെ കോഴി കര്‍ഷകര്‍ക്ക് നേരിട്ടത് മഹാ ദുരന്തം. 25 ലക്ഷം കോഴികളാണ് പ്രളയ ജലത്തില്‍ ചത്തൊടുങ്ങിയത്. സംസ്ഥാനത്തെ എണ്‍പതിനായിരത്തോളം ഫാമുകളില്‍ ഏഴായിരത്തോളം ഫാമുകള്‍ പൂര്‍ണ്ണമായും നശിച്ചു. സംഭരിച്ചിരുന്ന കോഴിത്തീറ്റകളും ഒഴുകിപോയി.

സംസ്ഥാനത്തെ കോഴി വളര്‍ത്തല്‍ മേഖലയെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. പ്രളയ നഷ്ടം കണക്കിലാക്കാന്‍ മൃഗസംരക്ഷണ വകുപ്പ് തേടിയതനുസരിച്ച് കോഴി കര്‍ഷകര്‍ നല്‍കിയ കണക്കനുസരിച്ചാണ് 25 ലക്ഷം കോഴികള്‍ ചത്തൊടുങ്ങിയെന്ന് പറയുന്നത്.

31, 863 കോഴികള്‍ ചത്തെന്നാണ് മൃഗസംരക്ഷണ വകുപ്പ് ഇക്കഴിഞ്ഞ ആഗസ്റ്റ് 21ന് ശേഖരിച്ചതനുസരിച്ചുള്ള ഔദ്യോഗിക കണക്ക്. ഇതില്‍ അത്യുല്‍പ്പാദന ശേഷിയുള്ള കോഴികളുടെ എണ്ണം  മാത്രം ആയിരത്തിലേറെയുണ്ട്. കോഴി കര്‍ഷകരുടെ സംഘടനയാണ് പുതിയ കണക്കുകള്‍ ശേഖരിച്ച് വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്.

തൃശൂര്‍, എറണാകുളം,ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്,മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പ്രളയത്തിലെ കോഴികള്‍ വന്‍തോതില്‍ ചത്തൊടുങ്ങിയത്. എട്ടു ലക്ഷത്തിലധികം പേര്‍ കോഴിവളര്‍ത്തല്‍, വിപണന മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്. ആഴ്ചയില്‍ ഒരു കോടി കിലോയിലേറെ കോഴിയിറച്ചി സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ് പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് സമിതിയുടെ കണക്ക്.

തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ കേരളത്തിലേക്ക് ആവശ്യമായ കോഴികളും തീറ്റകളുമെത്തുന്നത്. ജിഎസ്ടി നടപ്പിലാക്കിയ സമയത്തുയര്‍ന്ന വില വിവാദത്തില്‍ സംസ്ഥാനത്ത് കുടുംബശ്രീയടക്കമുള്ള സംഘങ്ങളെ സഹകരിപ്പിച്ച് കോഴിവളര്‍ത്തലിന് പദ്ധതിയിട്ടിരുന്നുവെങ്കിലും ഇത് ഉദ്ദേശിച്ച രീതിയിലുള്ള വിജയം കണ്ടില്ല.

ഇതിന് ശേഷം 80-90 രൂപയിലേക്ക് ഒതുങ്ങിയിരുന്ന ഇറച്ചിക്കോഴി വില, പ്രളയകാലത്ത് 150 രൂപ വരെയെത്തി. ഫാമില്‍ കുഞ്ഞുങ്ങളെയെത്തിച്ച് വളര്‍ത്തി വില്‍ക്കുകയാണ് ചെയ്യുന്നത്. തൃശൂര്‍ ആസ്ഥാനമായുള്ള ഇറച്ചിക്കോഴി വളര്‍ത്തുന്ന ഗ്രൂപ്പിന് മാത്രം പ്രളയത്തില്‍ നാല് ലക്ഷം കോഴികളാണ് ചത്തത്.

ഫാമുകള്‍ സജ്ജമാക്കാനും, കോഴിക്കുഞ്ഞുങ്ങളെയെത്തിച്ച് വളര്‍ത്തി സജ്ജമാക്കണമെങ്കില്‍ വന്‍ മുതല്‍മുടക്ക് നടത്തേണ്ടതുണ്ടെന്ന് പൗള്‍ട്രി ഫാര്‍മേഴ്‌സ് ട്രേഡേഴ്‌സ് സമിതി പ്രസിഡന്റ് ബിന്നി ഇമ്മട്ടി പറയുന്നു. മൂന്ന് മാസമെങ്കിലും എടുക്കും കോഴികളെ വളര്‍ത്തിയെടുക്കാനെന്നാണ് കോഴി കര്‍ഷകര്‍ പറയുന്നത്.

click me!