കവിതയാണ് ജീവിതം; എഴുപത്തിമൂന്നാം വയസില്‍ യൂട്യൂബ് ചാനലുമായി സരസമ്മ ടീച്ചര്‍

By Web TeamFirst Published Dec 17, 2018, 3:51 PM IST
Highlights

കുരുന്നുകളെ കവിത ചൊല്ലിപഠിപ്പിച്ച 36 വർഷങ്ങൾക്ക് ശേഷം ആറൂറിലെ വിദ്യാലയത്തിൽ നിന്ന് പ്രധാന അധ്യാപികയായി പടിയിറങ്ങുമ്പോള്‍ കവിതകളുടെ ലോകത്തോടും ടീച്ചർ വിട പറയുമെന്ന് എല്ലാവരും കരുതി. എന്നാല്‍ ചണ്ഡാലഭിക്ഷുകിയെയും മഗ്ദനലമറിയത്തെയും ഒക്കെ വിട്ടു പോകാൻ ടീച്ചർ തയ്യാറായിരുന്നില്ല. ഒഴിവുനേരങ്ങള്‍ കുട്ടികൾക്കായി നീക്കി വച്ചും സാംസ്‍കാരിക സദസുകളിൽ കവിതാവതരണത്തിന്‍റെ മേൽനോട്ടക്കാരിയായും പിന്നെയും 18 വർഷങ്ങൾ ടീച്ചര്‍ മുന്നോട്ട് പോയി. 

കൊച്ചി: എഴുപത്തിമൂന്നാം വയസിൽ യൂട്യൂബ് ചാനൽ തുടങ്ങി കുട്ടികളെ കവിത പഠിപ്പിക്കുകയാണ് മൂവാറ്റുപുഴ മുത്തലപുരം സ്വദേശി  സരസമ്മ ടീച്ചർ. അധ്യാപന ജീവിതത്തിന് ശേഷമുള്ള ഒഴിവു സമയം മുഴുവൻ കവിതകൾക്കായി മാറ്റി വച്ചിരിക്കുകയാണിവർ. 55 കൊല്ലമായി സരസമ്മ ടീച്ചർ കവിതകൾക്കൊപ്പം യാത്ര തുടങ്ങിയിട്ട്. കുരുന്നുകളെ കവിത ചൊല്ലിപഠിപ്പിച്ച 36 വർഷങ്ങൾക്ക് ശേഷം ആറൂരിലെ വിദ്യാലയത്തിൽ നിന്ന് പ്രധാന അധ്യാപികയായി പടിയിറങ്ങുമ്പോള്‍ കവിതകളുടെ ലോകത്തോടും ടീച്ചർ വിട പറയുമെന്ന് എല്ലാവരും കരുതി.

എന്നാല്‍ ചണ്ഡാലഭിക്ഷുകിയെയും മഗ്ദനലമറിയത്തെയും ഒക്കെ വിട്ടു പോകാൻ ടീച്ചർ തയ്യാറായിരുന്നില്ല. ഒഴിവുനേരങ്ങള്‍ കുട്ടികൾക്കായി നീക്കി വച്ചും സാംസ്‍കാരിക സദസുകളിൽ കവിതാവതരണത്തിന്‍റെ മേൽനോട്ടക്കാരിയായും പിന്നെയും 18 വർഷങ്ങൾ ടീച്ചര്‍ മുന്നോട്ട് പോയി. ഒടുവിൽ ശിഷ്യരുടെ എണ്ണം നാൾക്കുനാള്‍ വർധിച്ചതോടെ യൂട്യൂബ് ചാനൽ എന്ന ആശയവുമായി ടീച്ചർ തന്നെ മുന്നിട്ടിറങ്ങി.

സാങ്കേതികസഹായവുമായി ബന്ധുക്കള്‍ ഒപ്പം ചേർന്നപ്പോള്‍ ടീച്ചർ പഠിപ്പിച്ച  കവിതകള്‍ ആലപിക്കാമെന്ന് ശിഷ്യരും ഏറ്റു. 28 കവിതകളാണ് ഇതിനോടകം കവിതാരാമം എന്നുപേരിട്ട യൂട്യൂബ് ചാനലിൽ അപലോഡ് ചെയ്തത്. ഇതിന് പുറമേ വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പേജിലൂം സരസമ്മ ടീച്ചറുടെ കവിതാ പാഠങ്ങൾ സജീവമാണ്. ശബ്ദം സ്വന്തമായിട്ടുള്ളിടത്തോളം കവിതകളുടെ ലോകത്ത് തന്നെ തുടരണമെന്ന ആഗ്രഹം മാത്രമാണ് ടീച്ചർക്ക് ഇനി ബാക്കി.
 

click me!