Latest Videos

അഴിമതി; പുല്‍പ്പള്ളി സഹകരണ ബാങ്ക് ഭരണസമിതിയെ നീക്കാന്‍ നോട്ടീസ്

By Web TeamFirst Published Dec 17, 2018, 9:27 AM IST
Highlights

സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന 6.05 കോടി രൂപ നഷ്ടപ്പെടാന്‍ കാരണമായ ക്രമക്കേടുകള്‍ നിയമലംഘനം, സാമ്പത്തിക തിരമറി തുടങ്ങിയ വസ്തുനിഷ്ഠമായി നിഷേധിക്കുന്നതിനോ കണ്ടെത്തലുകള്‍ തെറ്റാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കുന്നതിനോ മറുപടി റിപ്പോര്‍ട്ടിലൂടെ ബാങ്ക് ഭരണസമിതിക്ക് സാധിച്ചിട്ടില്ലയ

കല്‍പ്പറ്റ: പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് സമിതിയെ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. വായ്പതട്ടിപ്പ് സംബന്ധിച്ച സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹകരണ നിയമം 32 (ഒന്ന്) എ പ്രകാരണമാണ് കാരണം കാണിക്കല്‍ നോട്ടീസ്. 

ക്രമക്കേടുകള്‍ മൂടിവെക്കുന്നതിനായി രേഖകള്‍ നശിപ്പിച്ചതായും ഇനിയും നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന 6.05 കോടി രൂപ നഷ്ടപ്പെടാന്‍ കാരണമായ ക്രമക്കേടുകള്‍ നിയമലംഘനം, സാമ്പത്തിക തിരമറി തുടങ്ങിയ വസ്തുനിഷ്ഠമായി നിഷേധിക്കുന്നതിനോ കണ്ടെത്തലുകള്‍ തെറ്റാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കുന്നതിനോ മറുപടി റിപ്പോര്‍ട്ടിലൂടെ ബാങ്ക് ഭരണസമിതിക്ക് സാധിച്ചിട്ടില്ലെന്ന് നോട്ടീസില്‍ പറയുന്നു. 

ബാങ്കിലെ വായ്പ വിഭാഗം മേധാവിയായ ഇന്റേണല്‍ ഓഡിറ്ററുടെയും ബാങ്ക് സെക്രട്ടറിയുടെയും ഒത്താശയോടെയാണ് ഭരണസമിതി അംഗങ്ങള്‍ ക്രമക്കേട് നടത്തിയിരിക്കുന്നതെന്ന് നോട്ടീസ് പറയുന്നു. സഹകരണ നിയമം വകുപ്പ് 66 പ്രകാരമുള്ള നിയമാനുസൃത ഉത്തരവ് ലംഘിച്ച് ക്രമക്കേടുകള്‍ക്ക് പ്രധാന പങ്ക് വഹിച്ച ഉദ്യോഗസ്ഥനെ ബാധ്യതകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഭരണസമിതി സഹായിച്ചതായും നോട്ടീസില്‍ പറയുന്നു. 

ആരോപണവിധേയരില്‍ മുഖ്യപങ്കുകാരനായ വിരമിച്ച ഉദ്യോഗസ്ഥന് വേണ്ടി ബാങ്കിന്റെ പൊതുപണം ഉപയോഗിച്ച് കേസ് നടത്താന്‍ തീരുമാനിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. കെ പി സി സി അംഗം കെ കെ അബ്രഹാം പ്രസിഡന്റായ ബാങ്ക് ഭരണസമിതിക്കെതിരെ പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ട് കോണ്‍ഗ്രസിനുള്ളിലെ ഭിന്നതക്ക് കാരണമായിരുന്നു. 

click me!