മഴയത്ത് ഷെഡ്ഡ് തകര്‍ന്നുവീണു; കടത്തിണ്ണയില്‍ അഭയംതേടിയ കുഞ്ഞുകുട്ടനെ വൃദ്ധസദനത്തിലേക്ക് മാറ്റി

By Web TeamFirst Published Jun 27, 2020, 10:27 PM IST
Highlights

അവിവാഹിതനും വാർദ്ധക്യസഹജമായ രോഗവും അലട്ടുന്ന ഇയാളുടെ താൽക്കാലിക ഷെഡ്ഡ് കഴിഞ്ഞ 16-ാം തീയതിയിലെ കാറ്റിലാണ് നിലംപൊത്തിയത്.

പൂച്ചാക്കൽ: ശക്തമായ കാറ്റിലും മഴയിലും തന്റെ താൽക്കാലിക ഷെഡ്ഡ് തകർന്നതിനെ തുടർന്ന് കടത്തിണ്ണയിൽ അഭയം പ്രാപിപിച്ച വൃദ്ധനെ റവന്യു അധികൃതർ ഇടപെട്ട് വൃദ്ധസദനത്തിൽ പ്രവേശിപ്പിച്ചു. പാണാവള്ളി പഞ്ചായത്ത് നാലാം വാർഡിൽ കിഴക്കേ പാലത്തറയിൽ കുഞ്ഞുകുട്ട (74) നെയാണ് വൃദ്ധസദനത്തിൽ പ്രവേശിപ്പിച്ചത്. അവിവാഹിതനും വാർദ്ധക്യസഹജമായ രോഗവും അലട്ടുന്ന ഇയാളുടെ താൽക്കാലിക ഷെഡ്ഡ് കഴിഞ്ഞ 16-ാം തീയതിയിലെ കാറ്റിലാണ് നിലംപൊത്തിയത്.

പൊതു പ്രവർത്തകരും വാർഡുമെമ്പറും ഇടപെട്ടതിനെ തുടർന്ന് പാണാവള്ളി വില്ലേജ് ഓഫീസർ ഹാരീസ് അസ്സീസ്   സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ചില അഭയ കേന്ദ്രത്തിൽ വൃദ്ധനെ പ്രവേശിപ്പിക്കാൻ വില്ലേജോഫീസർ നടത്തിയ അടിയന്തിര ശ്രമങ്ങൾ സാങ്കേതിക കാരണങ്ങളാൽ നടന്നില്ല.

നിയമപരമായ ചില സാങ്കേതിക കാരണങ്ങളാൽ അടിയന്തിരമായ് പഞ്ചായത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ, വൃദ്ധന്റെ ദുരവസ്ഥ റവന്യുമന്ത്രി, ജില്ലാ കളക്ടർ എന്നിവരെ പൊതു പ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് മാനുഷിക പരിഗണന മുൻനിർത്തി വിഷയത്തിൽ ചേർത്തല തഹസിൽദാർ ആർ ഉഷ ഇടപെട്ടു.

സ്ഥലം വില്ലേജോഫീസർക്കൊപ്പം കുഞ്ഞിക്കുട്ടനെ സന്ദർശിച്ച തഹസിൽദാർ ഇദ്ദേഹത്തെ ആവശ്യമായ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ചേർത്തല മായിത്തറ വൃദ്ധസദനത്തിൽ പ്രവേശിപ്പിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചു.

click me!