മധ്യപ്രദേശില്‍നിന്ന് തൃശൂരിലേക്ക് മടങ്ങുന്നതിനിടെ കാണാതായ വൃദ്ധ തിരിച്ചെത്തി; നടന്നതെന്തെന്ന് ഓര്‍മ്മയില്ലെന്ന് പത്മ

By Web TeamFirst Published Dec 19, 2018, 4:03 PM IST
Highlights

മധ്യപ്രദേശില്‍ സര്‍ക്കാര്‍ സര്‍വ്വീസിലായിരുന്നു 74 കാരിയായ പത്മ ഗോപി. പെന്‍ഷന്‍ സംബന്ധമായ പേപ്പര്‍ ശരിയാക്കാനായാണ് ഇക്കഴിഞ്ഞ 13ന് മധ്യപ്രദേശിലേയ്ക്ക് പോയത്. ഒറ്റയ്ക്കായിരുന്നു യാത്ര. 

തൃശൂര്‍: ട്രെയിന്‍ യാത്രക്കിടെ കാണാതായെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ട് മണിക്കൂറുകള്‍ക്കകം വൃദ്ധ വീട്ടില്‍ തിരിച്ചെത്തി. കാഞ്ഞാണി കോലാട്ട് വീട്ടില്‍ പത്മ ഗോപിയാണ് പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയത്. ഇവരെ തിരക്കി മധ്യപ്രദേശിലേക്ക് തിരിച്ച മക്കള്‍ നാട്ടിലേക്ക് മടങ്ങി. 

മധ്യപ്രദേശില്‍ സര്‍ക്കാര്‍ സര്‍വ്വീസിലായിരുന്നു 74 കാരിയായ പത്മ ഗോപി. പെന്‍ഷന്‍ സംബന്ധമായ പേപ്പര്‍ ശരിയാക്കാനായാണ് ഇക്കഴിഞ്ഞ 13ന് മധ്യപ്രദേശിലേയ്ക്ക് പോയത്. ഒറ്റയ്ക്കായിരുന്നു യാത്ര. അവിടത്തെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി 15ന് കോര്‍ബ എക്സ്പ്രസില്‍ മടങ്ങിയതായി വീട്ടിലേക്ക് വിവരം ലഭിച്ചതാണ്. 17ന് തൃശൂരില്‍ എത്തേണ്ടിയിരുന്ന പത്മയെ കാണാതായതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

മകളെത്തിയാണ് പുലര്‍ച്ചെ പത്മയെ സ്വീകരിച്ചത്. ഉടന്‍തന്നെ വിവരം പൊലീസിന് കൈമാറി. പത്മയുടെ കയ്യിലുണ്ടായിരുന്ന ലെഗേജ് നഷ്ടമായിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് അവര്‍ക്ക് കൃത്യമായ ഓര്‍മ്മയില്ല. ട്രെയിന്‍ തെറ്റി കയറിയതാണെന്ന മട്ടിലാണ് കാര്യങ്ങള്‍ പറയുന്നത്. അതേസമയം, ഇവരെ തനിച്ചുവിട്ടതിന്റെ പേരില്‍ നാട്ടുകാരും പൊലീസും ബന്ധുക്കളെ ശകാരിച്ചു. ലെഗേജ് നഷ്ടപ്പെട്ടതിനെതിരെ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

click me!