കാറിൽ കടത്താൻ ശ്രമിച്ച 75 കിലോഗ്രാം മ്ലാവിറച്ചി പിടികൂടി

By Web TeamFirst Published Feb 17, 2019, 8:24 PM IST
Highlights

ശാന്തന്‍പാറയ്ക്ക് സമീപം കള്ളിപ്പാറയിൽ കാറിൽ കടത്താൻ ശ്രമിച്ച 75 കിലോഗ്രാം മ്ലാവിറച്ചി വനംവകുപ്പ് പിടികൂടി. കാർ ഡ്രൈവറവടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ കാറിൽ നിന്ന് നാടൻ തോക്കും ആയുധങ്ങളും കണ്ടെടുത്തു.

ഇടുക്കി: ശാന്തന്‍പാറയ്ക്ക് സമീപം കള്ളിപ്പാറയിൽ കാറിൽ കടത്താൻ ശ്രമിച്ച 75 കിലോഗ്രാം മ്ലാവിറച്ചി വനംവകുപ്പ് പിടികൂടി. കാർ ഡ്രൈവറവടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ കാറിൽ നിന്ന് നാടൻ തോക്കും ആയുധങ്ങളും കണ്ടെടുത്തു.

ശാന്തൻപാറ വനമേഖലയിൽ നായാട്ട് നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് ചേരിയാർ സ്വദേശി സാബു, ഭാര്യ പിതാവ് ജോസഫ്, നെടുങ്കണ്ടം സ്വദേശിയായ സഹായി സജി എന്നിവർ പിടിയിലായത്. ചോദ്യം ചെയ്യലിൽ മതികെട്ടാൻ ചോല ദേശീയോദ്യാനത്തിന് സമീപത്ത് നിന്നാണ് മ്ലാവിനെ വേട്ടയാടിയതെന്ന് പ്രതികൾ മൊഴി നൽകി. കഴിഞ്ഞ 14ന് പുലർച്ചെ സാബുവിന്‍റെ നേതൃത്വത്തിലാണ് മ്ലാവിനെ വെടിവെച്ച് കൊന്നത്. തുടർന്ന് ഇറച്ചിയാക്കി സാബുവിന്‍റെ വീട്ടിൽ എത്തിച്ച് ഉണക്കി. പകുതി മാംസം ഫ്രിഡ്ജിൽ സൂക്ഷിച്ച് ബാക്കി നെടുങ്കണ്ടത്തേക്ക് കടത്താനായിരുന്നു ശ്രമം.

പരിശോധനയിൽ വേട്ടയാടിയ മ്ലാവിന്‍റെ തലയും തോലും ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ വനഭാഗത്ത് നിന്നും കണ്ടെത്തി. വേട്ടയ്ക്ക് ഉപയോഗിച്ച ലൈസൻസില്ലാത്ത തോക്ക്, വാക്കത്തി, വെടിമരുന്ന്, ഹെഡ്‍ലൈറ്റ് എന്നിവ സാബുവിന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. ഇറച്ചി കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
 

click me!