
തിരുവനന്തപുരം: നാല് കീറ് ഓല, ഒരു തുണ്ട് പ്ലാസ്റ്റിക്, ഇവയെ താങ്ങി നിർത്തുന്നത് ഒടിയാറായ കാട്ടു കമ്പുകൾ, ചുവരിന്റെ സ്ഥാനത്ത് കീറച്ചാക്കുകൾ...! ഇത് വിളപ്പിൽശാല ചെറുകോട് കുന്നക്കോട് വീട്ടിൽ ആന്റണി അന്തിയുറങ്ങുന്ന വീടിന്‍റെ അവസ്ഥയാണ് ഇത്. 75 വയസ്സാണ് ആന്‍റണിക്ക്. ഒന്നര സെന്റിന്റെ ജന്മിയായ ഈ വയോധികൻ പക്ഷേ, റേഷൻ കാർഡിൽ സമ്പന്നനാണ്.
കൂലിപ്പണിക്കാരനായിരുന്നു ആന്റണി. പത്ത് വർഷം മുമ്പ് വാതരോഗം പിടിമുറുക്കിയതോടെ ഇടതുകാലിന് സ്വാധീനമില്ലാതായി. ക്രമേണ കണ്ണുകളുടെ കാഴ്ചയും ഭാഗീകമായി നഷ്ടപ്പെട്ടു. ഇതോടെ കൂലിപ്പണിക്ക് പോകാനും കഴിയാതായി. ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയതോടെ ദാരിദ്യം ഇഴകെട്ടിയ കുടിലിൽ ഒറ്റയ്ക്കായി. വല്ലപ്പോഴും വിശപ്പടക്കുന്നതാകട്ടെ സമീപത്തെ സുമനസുകളുടെ കാരുണ്യത്തിൽ.
നടവഴി മാത്രമുള്ള ആന്റണിയുടെ ഒന്നരസെന്റ് ഭൂമിയിലേക്ക് സർക്കാർ ആനുകൂല്യങ്ങളൊന്നും കടന്നുവരില്ല. സമ്പന്നർക്ക് അനുവദിക്കുന്ന വെള്ള റേഷൻകാർഡ് നൽകിയാണ് ആന്റണിക്ക് ഭരണകൂടം ആനുകൂല്യങ്ങൾ നിക്ഷേധിച്ചത്. തന്റെ പേരിലുള്ള 1170089901 നമ്പർ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലാക്കാൻ, കഴിഞ്ഞ 11 മാസമായി കാട്ടാക്കട താലൂക്ക് സപ്ലൈ ഓഫീസിന്റെ പടവുകൾ കയറിയിറങ്ങുകയാണ് ആന്റണി.
മുടന്തിപ്പോയ കാൽ നീട്ടിവലിച്ച്, മങ്ങിയ കാഴ്ചയുമായി എത്തുന്ന ഈ നിർധനനോട് ഉദ്യോഗസ്ഥരും കരുണ കാണിച്ചില്ല. വൈദ്യുതിയും വെള്ളവും ഇനിയും കടന്നുചെല്ലാത്ത കുടിലിൽ മരണമെങ്കിലും ഇത്തിരി കരുണ കാട്ടിയെങ്കിലെന്ന പ്രാർത്ഥനയിലാണ് ഈ മനുഷ്യനിപ്പോള്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam