
കൊച്ചി: കൊച്ചിയിൽ ഒഡിഷ സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഇടപെടലുമായി ദേശീയ പട്ടികവർഗ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. കൊച്ചി പൊലീസിനോട് ദേശീയ പട്ടികവർഗ കമ്മീഷൻ റിപ്പോർട്ട് തേടി. ഏഴ് ദിവസത്തിനകം കൊച്ചി പൊലീസ് റിപ്പോർട്ട് നൽകണമെന്നാണ് പട്ടികവർഗ കമ്മീഷന്‍റെ നോട്ടീസിൽ പറയുന്നത്.
പ്രതിയായ എഴുപത്തിയഞ്ചുകാരൻ ശിവപ്രസാദ് ഒളിവിലാണ്. കൊച്ചിയിലെ ഒരു വീട്ടിൽ ജോലിക്ക് നിന്ന ഒഡീഷ സ്വദേശിനിയായ പട്ടികവർഗ വിഭാഗത്തിൽ പെട്ട യുവതിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ ഒക്ടോബർ 17 ന് മരട് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ദേശീയ പട്ടിക വർഗ കമ്മീഷന്‍റെ ഇടപെടൽ.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. കൊച്ചി പൊലീസ് കമ്മീഷണർ പുട്ട വിമലാധിത്യക്ക് അയച്ച നോട്ടീസിൽ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. നേരത്തെ ദേശീയ വനിതാ കമ്മീഷനും സംഭവത്തിൽ നോട്ടീസ് അയച്ചിരുന്നു. ഡിജിപിക്ക് അയച്ച നോട്ടീസിലാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. സർക്കാർ സർവ്വീസിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്ന പ്രതിയെ സംരക്ഷിക്കാൻ നീക്കം നടക്കുന്നെന്ന ആക്ഷേപവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മീഷന്‍റെയും ദേശീയ പട്ടികവർഗ കമ്മീഷന്‍റെയും ഇടപെടൽ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam