കൊച്ചിയിൽ ബ്ലോക്കോട് ബ്ലോക്ക്! നിയന്ത്രിക്കാൻ വൈറ്റിലയിലും കുണ്ടന്നൂരും അധികം പൊലീസുകാർ

By Web TeamFirst Published Sep 6, 2019, 8:53 PM IST
Highlights

വൻ ഗതാഗത കുരുക്കിനെ തുടര്‍ന്ന് വൈറ്റില അരൂർ ദേശീയപാതയിൽ ഇന്ന് വാഹനങ്ങൾ  മണിക്കൂറുകളോളം  റോഡിൽ കുടുങ്ങിയിരുന്നു. 

കൊച്ചി:  കനത്ത ഗതാഗത കുരുക്കിനെ തുടര്‍ന്ന് കുണ്ടന്നൂരിലും വൈറ്റിലയിലും ഗതാഗത നിയന്ത്രണത്തിന് നാളെ മുതൽ കൂടുതൽ പൊലീസുകാർ. 80 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചിരിക്കുന്നത്. കുണ്ടന്നൂരിൽ 60 പേരെയും വൈറ്റിലയിൽ 20 പേരെയുമാണ് അധികമായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നിയോഗിച്ചത്.

വൻ ഗതാഗത കുരുക്കിനെ തുടര്‍ന്ന് വൈറ്റില അരൂർ ദേശീയപാതയിൽ ഇന്ന് വാഹനങ്ങൾ  മണിക്കൂറുകളോളം  റോഡിൽ കുടുങ്ങിയിരുന്നു. മൂന്ന് ദേശീയപാതകൾ ഒന്നിക്കുന്ന കുണ്ടന്നൂരിൽ  നിന്നും 10 കിലോമീറ്റർ അകലെയുള്ള അരൂരിലെത്താൻ രണ്ട് മണിക്കൂറിലധികമാണ് യാത്രക്കാർ റോഡിൽ കിടന്നത്. 

കുണ്ടന്നൂർ, വൈറ്റില മേൽപാലങ്ങളുടെ നിർമ്മാണത്തോടൊപ്പം സമാന്തര റോഡുകൾ പൊട്ടിപ്പൊളിയുക കൂടി ചെയ്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണം. ദേശീയപാതയിലെ ഗതാഗതക്കുരുക്കഴിക്കാൻ ഇടറോഡുകൾ ആശ്രയിച്ചവർക്കും രക്ഷയില്ലാതായി. കുണ്ടന്നൂരിൽ നിന്ന് തേവരയിലേക്കും മരടിലേക്കും പോകുന്ന വഴികൾ പാലം പണിക്കായി അടച്ചതോടെ, ഈ റോഡിലുള്ളവരും  വൈറ്റില അരൂർ ദേശീയപാതയിലേക്ക് കയറി വേണം യാത്ര തുടരാൻ.  

click me!