
തുമ്പ: തിരുവനന്തപുരം തുമ്പയിൽ ഓൺലൈൻ ട്രേഡിങ് വഴി പണം തട്ടിയ കർണാടക സ്വദേശി അറസ്റ്റിൽ. 9 ലക്ഷത്തി നാല്പതിനായിരം രൂപയാണ് തട്ടിയെടുത്തത്. കർണാടക സ്വദേശിയായ പ്രകാശ് ഇരപ്പയെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം കുളത്തൂർ ആറ്റിപ്ര സ്വദേശിയായ ജയിംസ് സുകുമാരനിൽ നിന്നാണ് പണം തട്ടിയത്. 2024ൽ ആയിരുന്നു തട്ടിപ്പ്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരിൽ വ്യാജ ആപ്പ് രൂപീകരിച്ച് ആയിരുന്നു തട്ടിപ്പ് നടത്തിയത്. ദില്ലി, കർണാടക എന്നിവിടങ്ങളിലെ രണ്ട് അക്കൗണ്ടുകൾ വഴിയാണ് പണം തട്ടിയെടുത്തത്. മറ്റൊരു സംഭവത്തിൽ ആറുമാസം മുൻപ് ഓൺലൈൻ തട്ടിപ്പിന് ഇരയായി 3.75 കോടി രൂപ നഷ്ടപ്പെട്ട പ്രവാസിയായ എൻജിനീയറെ കബളിപ്പിച്ച് ഓൺലൈൻതട്ടിപ്പു സംഘം വീണ്ടും 13 കോടി രൂപ കൂടി തട്ടിയത് ഓഗസ്റ്റ് മാസത്തിലാണ്. കവടിയാർ ജവഹർ നഗറിലെ ഫ്ലാറ്റിൽ താമസിക്കുന്ന 69കാരനാണ് പണം നഷ്ടമായത്.
വർഷങ്ങളായി ഷെയർ ട്രേഡിങ് നടത്തുന്ന പരാതിക്കാരനെ അംഗീകൃത ഷെയർ ട്രേഡിങ് കമ്പനികളുടെ പേരിലാണ് തട്ടിപ്പുസംഘം കെണിയിൽ വീഴ്ത്തിയത്. സമാന്തരമായി രണ്ട് പ്ലാറ്റ്ഫോമിൽ ഇയാൾ ഓൺലൈൻ ട്രേഡിങ് നടത്തിയിരുന്നു. മേയിൽ നടന്ന ആദ്യ തട്ടിപ്പിൽ പരാതിയുമായി എത്തിയപ്പോൾ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ട്രേഡിങ് നടത്തുന്ന വിവരം ഇയാൾ പൊലീസിൽ നിന്നു മറച്ചുവച്ചിരുന്നു. ഷെയർ ട്രേഡിങ്ങിലൂടെ അമിതലാഭം കൊയ്യാമെന്നു വിശ്വസിപ്പിച്ച് സൈറ്റിൽ കയറാനുള്ള ലിങ്കുകൾ അയച്ചു കൊടുത്തായിരുന്നു വീണ്ടും തട്ടിപ്പ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam