
തിരുവനന്തപുരം: സഹായിക്കാന്‍ ആരാരുമില്ലാതിരുന്ന ചിറയിന്‍കീഴ് കൂന്തള്ളൂര്‍ സ്വദേശി ലീലാമ്മയുടെ (71) കണ്ണിന്റെ ശസ്ത്രക്രിയ വിജയം. ഇപ്പോള്‍ എല്ലാവരേയും കാണാം. മന്ത്രിയെ കണ്ടിട്ട് മാത്രമേ ഡിസ്ചാര്‍ജ് ആവുകയുള്ളൂ എന്ന വാശിയിലായിരുന്ന ലീലാമ്മയെ ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം കണ്ണാശുപത്രിയില്‍ സന്ദര്‍ശിച്ച് സന്തോഷം പങ്കുവച്ചു. ആരോരുമില്ലാതിരുന്ന തനിക്ക് എല്ലാവരും ഉണ്ടെന്ന തോന്നലാണ് ഉണ്ടായതെന്നും മന്ത്രിക്ക് നന്ദിയറിയിക്കുന്നതായും പറഞ്ഞു.
'ആര്‍ദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി മന്ത്രി ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ വച്ചാണ് 'ആരുമില്ല, കണ്ണിന് കാഴ്ചയില്ല, ശസ്ത്രക്രിയ നടത്തുന്നതിന് സഹായിക്കണം' എന്ന് പറഞ്ഞത്. കണ്ണാശുപത്രി സൂപ്രണ്ട് ഡോ. ചിത്രയെ വിളിച്ച് അപ്പോള്‍ തന്നെ ഇക്കാര്യം അറിയിച്ചു. ആവശ്യമായ സഹായം നല്‍കാന്‍ ആവശ്യപ്പെട്ടു. ലീലാമ്മയുടെ ചികിത്സ മാത്രമല്ല, മറ്റെല്ലാ കാര്യങ്ങളും കൂടി ഡോ. ചിത്രയുടെ നേതൃത്വത്തില്‍ മറ്റ് ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, പിജി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ നോക്കി ആവശ്യമായ പരിചരണം നല്‍കി. ലീലാമ്മ ഇന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകും.
ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവ് ലീലാമ്മയെ ഉപേക്ഷിച്ച് പോയിരുന്നു. വളരെ ബുദ്ധിമുട്ട് സഹിച്ചാണ് മകനെ വളര്‍ത്തിയത്. മകനാകട്ടെ മാനസിക വെല്ലുവിളികളുമുണ്ട്. ഈ സാഹചര്യത്തിലാണ് ലീലാമ്മ സഹായം അഭ്യര്‍ത്ഥിച്ചത്. മന്ത്രി നിര്‍ദേശം നല്‍കിയതിന്റെ തൊട്ടടുത്ത ദിവസം ലീലാമ്മ കണ്ണാശുപത്രിയിലെത്തി സൂപ്രണ്ടിനെ കണ്ടു. എല്ലാ പരിശോധനകളും നടത്തി സര്‍ജറിക്കായി നവംബര്‍ മൂന്നിന് അഡ്മിറ്റാക്കി. ആറാം തീയതി വിജയകരമായി കണ്ണിന് സര്‍ജറി നടത്തി. സുഖം പ്രാപിച്ച് ഡിസ്ചാര്‍ജ് ചെയ്യാറായപ്പോള്‍ മന്ത്രി കണ്ണാശുപത്രിയിലെത്തി ലീലാമ്മയെ കണ്ട് അവരുടെ സന്തോഷത്തില്‍ പങ്ക് ചേര്‍ന്നു. ലീലാമ്മയ്ക്ക് മികച്ച ചികിത്സയും ഭക്ഷണവും മരുന്നും എല്ലാം നല്‍കി കൂടെനിന്ന് പരിചരിച്ച സൂപ്രണ്ട് ഉള്‍പ്പെടെയുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മന്ത്രി നന്ദി പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam