കുട്ടിയുടെ മാല തട്ടിപ്പറിച്ച് വിഴുങ്ങിയ സമീന, ദിവസങ്ങൾ നീണ്ട പോലീസ് നിരീക്ഷണത്തിനൊടുവിൽ മാല പുറത്തെടുത്തു. എന്നാൽ, പോലീസിനെ കബളിപ്പിച്ച് തൊണ്ടിമുതലായ മാല ക്ലോസറ്റിൽ ഒഴുക്കിക്കളഞ്ഞു. ഇതോടെ തൊണ്ടി മുതൽ വീണ്ടെടുക്കൽ അവതാളത്തിലായി

മലപ്പുറം: നിലമ്പൂരില്‍ കുട്ടിയുടെ കഴുത്തില്‍നിന്ന് തട്ടിപ്പറിച്ച സ്വര്‍ണമാല വിഴുങ്ങിയ പ്രതി സമീന വീണ്ടും കുതന്ത്രം കാട്ടി. പൊലീസിന്‍റെ പിടിയിലായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലിരിക്കെ മാല വീണ്ടെടുക്കാനുള്ള ശ്രമം സമീന പൊളിച്ചു. നാല് ദിവസമായി മാല പുറത്തെടുക്കാനായി എനിമയടക്കം നൽകി കാത്തിരുന്ന പൊലീസിനെ കബളിപ്പിച്ച് പ്രതി, മാല ക്ലോസറ്റിലേക്ക് ഒഴുക്കിക്കളഞ്ഞു. സ്വർണം വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇന്ന് രാത്രിയോടെ നാടകീയ സംഭവം ഉണ്ടായത്. സമീന ശുചിമുറിയിൽ പോയപ്പോൾ മാല പുറത്തു വന്നു. എന്നാൽ പെട്ടെന്ന് തന്നെ പൊലീസുകാരെ കബളിപ്പിച്ച ഇവർ മാല ക്ലോസറ്റിലേക്ക് ഒഴുക്കുകയായിരുന്നു. ഇതോടെ തൊണ്ടി മുതൽ വീണ്ടെടുക്കൽ അവതാളത്തിലായി. അതിനിടെ പ്രതി സമീനയെ റിമാൻഡ് ചെയ്തു. പൊലീസുകാരുടെ കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്ന കുറ്റം കൂടി ചുമത്തിയാണ് റിമാൻഡ് ചെയ്തത്.

വിശദ വിവരങ്ങൾ

നാല് ദിവസം മുന്നെയാണ് നിലമ്പൂരിലെ ക്ലിനിക്കില്‍ ഡോക്ടറെ കാണിക്കാനെത്തിയ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള സ്വര്‍ണമാല തട്ടിപ്പറിച്ച് പാലേമാട് കല്ലന്‍കുന്നന്‍ സമീന വിഴുങ്ങിത്. പിന്നാലെ പിടിയിലായ സമീനയെ കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ നടത്തിയ എക്‌സ്റേ പരിശോധനയില്‍ യുവതിയുടെ വയറ്റില്‍ ആഭരണം കണ്ടെത്തിയിരുന്നു. വയറ്റില്‍നിന്ന് മാല പുറത്തെടുക്കാനായി എനിമ നല്‍കിയെങ്കിലും കാര്യമുണ്ടായിരുന്നില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി പൊലീസ് വീണ്ടും എനിമ നല്‍കിയിട്ടും തൊണ്ടിമുതല്‍ പുറത്ത് വരാത്തതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലും, പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലെ സര്‍ജറി വാര്‍ഡിലേക്കും മാറ്റുകയായിരുന്നു. എനിമ നല്‍കി അഞ്ച് ദിവസം കാത്തിരിക്കാനാണ് ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ട് വനിത സി പി ഒ മാരുടെ കാവലിലായിരുന്നു പ്രതി. ഇതിനിടയിലാണ് ഇന്ന് രാത്രിയോടെ മാല പുറത്തുവന്നതും പൊലീസുകാരെ കബളിപ്പിച്ച് സമീന അത് ക്ലോസറ്റിലേക്ക് ഒഴുക്കിയത്. ഇതോടെ തൊണ്ടി മുതൽ വീണ്ടെടുക്കൽ അവതാളത്തിലായിട്ടുണ്ട്.