
കൊല്ലം: തെന്മലയിൽ പരാതി നൽകിയതിന്‍റെ രസീത് ആവശ്യപ്പെട്ട ദളിത് യുവാവിനെ മര്‍ദ്ദിച്ചതിന് പിന്നാലെ പൊലീസെടുത്ത കേസിൽ കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. യുവാവിനെതിരായെടുത്ത കേസ് കെട്ടച്ചമച്ചതാണെന്ന് ദക്ഷിണമേഖല ഐജി കണ്ടെത്തിയിട്ടും പൊലീസ് കേസ് നടപടികളുമായി മുന്നോട്ട് പോവുകയാണ്. മര്‍ദനമേറ്റ രാജീവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും കൊടുത്ത സങ്കട ഹര്‍ജിക്ക് ലഭിച്ച മറുപടിയിലാണ് യുവാവിനെതിരായ കള്ളക്കേസിൽ പൊലീസ് മുന്നോട്ടു പോകുന്ന കാര്യമറിഞ്ഞത്. പൊലീസുകാരുടെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയെന്ന കേസിൽ കഴിഞ്ഞ സെപ്റ്റംബർ 26 നാണ് പൊലീസ് പുനലൂർ കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്.
2021 ഒക്ടോബറിൽ ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി രാജീവിനെതിരെ പൊലീസ് എടുത്ത കേസുകൾ വ്യാജമാണെന്ന് കണ്ടെത്തിയതാണ്. പിന്നാലെയാണ് ഇൻസ്പെക്ടർ വിശ്വംഭരനെ സസ്പെന്‍റ് ചെയ്തത്. തെറ്റ് ചെയ്തിട്ടില്ലെന്ന് വെളിവായിട്ടും പൊലീസ് വേട്ടയാടൽ ഇപ്പോഴും തുടരുകയാണെന്നാണ് രാജീവ് പറയുന്നത്. വീട് അതിക്രമിച്ച് കയറിയെന്ന രാജീവിനെതിരായ രണ്ടാമത്തെ കേസും വ്യാജമാണെന്ന് നേരെത്തെ കണ്ടത്തിയിരുന്നു. ഇത് റദ്ദാക്കാനായി കോടതിയിൽ റിപ്പോര്‍ട്ട് നൽകിയിരിക്കുകയാണ്. പൊലീസിൽ നിന്നും നീതി ലഭിക്കില്ലെന്നും കോടതിയിൽ തന്‍റെ നിരപരാധിത്വം തെളിയിക്കുമെന്നുമാണ് രാജീവ് പറയുന്നത്.