കുട്ടികളുടെ സുരക്ഷയും സർക്കാറിന്‍റെ നിർദ്ദേശങ്ങൾക്കും പുല്ലു വില; 'പറക്കും തളിക'കളായി സ്കൂൾ ബസുകൾ

By Web TeamFirst Published Dec 20, 2022, 11:14 AM IST
Highlights

ദേശീയപാത അതിരുമടയിൽ പരിശോധന നടത്തുമ്പോൾ കുട്ടികളുമായി വന്ന മാറാക്കര വി വി എം ഹയർ സെക്കൻഡറി സ്കൂളിലെ വാഹനം സിനിമയിലെ പറക്കും തളിക ബസിനെ പോലും വെല്ലുന്ന അവസ്ഥയിലായിരുന്നു. 


മലപ്പുറം:  സ്കൂൾ കുട്ടികളുടെ സുരക്ഷിത യാത്രയ്ക്ക് യാതൊരു വിലയും കൽപ്പിക്കാതെ കുട്ടികളെ കുത്തിനിറച്ച് സർവീസ് നടത്തുന്ന സ്കൂൾ വാഹനത്തിന്‍റെയും കോൺടാക്ട് ക്യാരേജ് (കൂയിസർ ) വാഹനത്തിന്‍റെയും അവസ്ഥ കണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പോലും ഞെട്ടി. ഇന്നലെ ദേശീയ സംസ്ഥാന പാതകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ കുട്ടികളെ കൊണ്ട് പോകുന്ന സ്കൂൾ വാഹനത്തിന്‍റെയും കോൺടാക്ട് ക്യാരേജ് (കൂയിസർ ) വാഹനത്തിന്‍റെയും അവസ്ഥ കണ്ടാണ് ഉദ്യോഗസ്ഥർ പോലും ഞെട്ടിയത്. 

എൻഫോഴ്സ്മെന്‍റ് വിഭാഗം എംവിഐ പികെ മുഹമ്മദ് ഷഫീഖ്, എഎംവി ഐകെആർ ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാത അതിരുമടയിൽ പരിശോധന നടത്തുമ്പോൾ കുട്ടികളുമായി വന്ന മാറാക്കര വി വി എം ഹയർ സെക്കൻഡറി സ്കൂളിലെ വാഹനം സിനിമയിലെ പറക്കും തളിക ബസിനെ പോലും വെല്ലുന്ന അവസ്ഥയിലായിരുന്നു. സ്കൂൾ വാഹനത്തിന്‍റെ മുന്നിലെ ഗ്ലാസ് ഇല്ല, ഡീസൽ പൈപ്പിന് ലീക്ക് ജിപിഎസ് വേണ്ട വിധം പ്രവർത്തനക്ഷമമല്ല. സ്കൂൾ വാഹനത്തിൽ പേരിന് പോലും ആയ ഇല്ല. മെക്കാനിക്കൽ കണ്ടീഷനാണെങ്കില്‍ വളെര മോശം. ഇത്തരമൊരു ബസില്‍ കുട്ടികളെ കൊണ്ട് പോകാന്‍ കഴിയില്ലെന്ന് അറിയിച്ച ഉദ്യോഗസ്ഥര്‍ സ്കൂൾ വാഹനത്തിന്‍റെ ഫിറ്റ്നസ് റദ്ദാക്കി. തുടര്‍ന്ന്  സ്കൂൾ അധികൃതരെ വിവരമറിയിച്ച് മറ്റൊരു വാഹനത്തിൽ കുട്ടികളെ സുരക്ഷിതമായി സ്കൂളിലെത്തിക്കാൻ നടപടി സ്വീകരിച്ചു. സ്കൂൾ അധികൃതർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് ശുപാർശ ചെയ്യുമെന്ന് എംവിഐ പികെ മുഹമ്മദ് ഷഫീക്ക് പറഞ്ഞു.

കുറ്റിപ്പാലയില്‍ പരിശോധന നടത്തുന്നതിനിടയിൽ ചെറിയ കുട്ടികളെ കൊണ്ടു പോകുന്ന കോൺടാക്ട് ക്യാരേജ് ( കൂയിസർ) വാഹനത്തിന്‍റെ അവസ്ഥ അതിലേറെ മോശമായിരുന്നു. ഇൻഷുറൻസ്, ടാക്സ്, ഫിറ്റ്നസ്, പെർമിറ്റ്, തുടങ്ങിയ ഒരു രേഖകളുമില്ലതെയാണ് സ്കൂൾ കുട്ടികളെ കുത്തി നിറച്ച് ഓടിയത്. നിയമത്തെ വെല്ലുവിളിച്ചും സ്കൂൾ കുട്ടികളുടെ  യാത്രയ്ക്ക് യാതൊരു സുരക്ഷയും കൽപ്പിക്കാതെയും സർവീസ് നടത്തിയ കോൺടാക്ട് ക്യാരേജ്  വാഹനത്തിനെതിരെ ഉദ്യോഗസ്ഥർ കേസെടുത്തു. കുറ്റിപ്പാല സ്വകാര്യ സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാഹനമായിരുന്നു ഇത്. രക്ഷിതാക്കളെ വിളിച്ചുവരുത്തി മറ്റൊരു വാഹനത്തിൽ കുട്ടികളെ സ്കൂളിൽ എത്തിക്കാനും ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിൽ നേരിട്ട് എത്തി സ്കൂളിലെ പ്രധാന അധ്യാപകനെ കാണുകയും സ്കൂളിലേക്ക് വരുന്ന ഓരോ കുട്ടിയുടെയും യാത്ര സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു.
 

click me!