ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹസ്തലിഖിത ഗ്രന്ഥശേഖരം കണ്ടെത്തി; മാനുസ്‌ക്രിപ്റ്റ് ലൈബ്രറിക്കു കൈമാറും

Published : Feb 22, 2023, 10:28 AM ISTUpdated : Feb 22, 2023, 10:35 AM IST
ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹസ്തലിഖിത ഗ്രന്ഥശേഖരം കണ്ടെത്തി;  മാനുസ്‌ക്രിപ്റ്റ് ലൈബ്രറിക്കു കൈമാറും

Synopsis

തിരുവനന്തപുരം നീറമൺകര ഗായത്രി നഗറിൽ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിൻ്റെ ഏഴാം തലമുറയിലെ അംഗമായ ഗീതാ രവിയുടെ വീട്ടിൽനിന്നാണ് ഗ്രന്ഥശേഖരം ലഭിച്ചത്.   

തിരുവനന്തപുരം: കൗതുകം ഉണർത്തി ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹസ്തലിഖിത ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരം കണ്ടെടുത്തു. തിരുവിതാംകൂർ രാജാക്കന്മാരുടെ സദസ്സിലെ പണ്ഡിതൻ ആയിരുന്ന ഗോമതീദാസൻ എന്നു പേരെടുത്ത ഇലത്തൂർ രാമസ്വാമി ശാസ്ത്രികളുടെ ഹസ്തലിഖിത ഗ്രന്ഥങ്ങളുടെ ശേഖരങ്ങളാണ് കണ്ടെത്തിയത്. തിരുവനന്തപുരം നീറമൺകര ഗായത്രി നഗറിൽ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിൻ്റെ ഏഴാം തലമുറയിലെ അംഗമായ ഗീതാ രവിയുടെ വീട്ടിൽനിന്നാണ് ഗ്രന്ഥശേഖരം ലഭിച്ചത്. 

നീറമൺകര എൻ.എസ്.എസ്. കോളേജിലെ സംസ്കൃതവിഭാഗം അസി. പ്രൊഫസർ ഡോ. ആചാര്യ ജി. ആനന്ദരാജിന്റെ നേതൃത്വത്തിൽ 26 താളിയോലക്കെട്ടുകളിലായി 50-ഓളം ഗ്രന്ഥങ്ങളാണ് കണ്ടെത്തിയത്. ഇവ മലയാളം, തമിഴ്, ഗ്രന്ഥ എന്നീ ലിപികളിൽ ആണ് രചിച്ചിരിക്കുന്നത്. ഇതിൽ സാഹിത്യം, സൗന്ദര്യശാസ്ത്രം, വേദാന്തം, ന്യായം, തന്ത്രം, ഗണിതം, വേദലക്ഷണം, മന്ത്രശാസ്ത്രം, ആചാരം, സ്തോത്രം തുടങ്ങി വിവിധ ശാഖകളിലുള്ള ഗ്രന്ഥങ്ങളുണ്ട്. 

തുടർന്ന് ഇവ കാര്യവട്ടം മാനുസ്‌ക്രിപ്റ്റ് മിഷൻ സെന്ററിൽ എത്തിച്ച് വൃത്തിയാക്കി. ഇവയുടെ വിശദമായ പഠനത്തിനും തുടർന്നുള്ള ഉപയോഗത്തിനുമായി കേരള സർവകലാശാലയുടെ കാര്യവട്ടത്തു പ്രവർത്തിക്കുന്ന ഓറിയന്റൽ മാനുസ്‌ക്രിപ്റ്റ് ലൈബ്രറിക്കു കൈമാറും. 1823-ൽ  തിരുവിതാംകൂർ ചെങ്കോട്ടത്താലൂക്കിലുൾപ്പെട്ട ഇലത്തൂർ ദേശത്തിൽ പടിഞ്ഞാറേ അഗ്രഹാരത്തിൽ ജനിച്ച ശാസ്ത്രികൾ കേരളവർമ വലിയകോയിത്തമ്പുരാന്റെ ഗുരുവും തിരുവിതാംകൂർ രാജ പരമ്പരയിൽപ്പെട്ട ഉത്രം തിരുനാൾ, ആയില്യം തിരുനാൾ, വിശാഖം തിരുനാൾ എന്നിവരുടെ സദസ്സിലെ പണ്ഡിതനുമായിരുന്നു. 

വീണ്ടും നാട്ടിലിറങ്ങി 'അരിക്കൊമ്പൻ'; രണ്ട് വീടുകൾ തകർത്തു, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

PREV
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം