'മെയ്ഡ് ഇൻ ആലപ്പുഴ', 13 അടി ഉയരം, 1000 കിലോ തൂക്കം! അമേരിക്കയിലെ അമ്പലത്തിലേക്ക് വഴിപാടായി കൂറ്റൻ ദീപസ്തംഭം

Published : Jan 10, 2024, 07:20 AM IST
'മെയ്ഡ് ഇൻ ആലപ്പുഴ', 13 അടി ഉയരം, 1000 കിലോ തൂക്കം! അമേരിക്കയിലെ അമ്പലത്തിലേക്ക് വഴിപാടായി കൂറ്റൻ ദീപസ്തംഭം

Synopsis

1008 ഓളം തിരികളുമായി മൂന്നടി വ്യാസമുള്ള പീഠത്തിൽ 13 അടി ഉയരവും 9 തട്ടുകളും ഉള്ള, പൂർണ്ണമായും ഓടിൽ നിർമ്മിച്ച ദീപസ്തംഭം അമേരിക്കയിലെ മിഷഗൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലേക്കാണ് കയറ്റി അയക്കുന്നത്.

മാന്നാർ: ആലപ്പുഴയിൽ നിന്നും അമേരിക്കയിലെ ക്ഷേത്രത്തിലേക്ക് പറക്കാനൊരുങ്ങി കൂറ്റൻ ദീപസ്തംഭം. ആലപ്പുഴയിലെ പരുമലയിൽ നിർമാണം പൂർത്തിയാക്കിയ  1000 കിലോ തൂക്കമുള്ള ഓടിൽ തീർത്ത ദീപസ്തംഭമാണ് അമേരിക്കയിലേക്ക് പറക്കാനൊരുങ്ങുകയാണ്. 1008 ഓളം തിരികളുമായി മൂന്നടി വ്യാസമുള്ള പീഠത്തിൽ 13 അടി ഉയരവും 9 തട്ടുകളും ഉള്ള, പൂർണ്ണമായും ഓടിൽ നിർമ്മിച്ച ദീപസ്തംഭം അമേരിക്കയിലെ മിഷഗൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലേക്കാണ് കയറ്റി അയക്കുന്നത്. വഴിപാടായി ഒരു ഭക്തനാണ് ഈ കൂറ്റൻ ദീപസ്തംഭം ക്ഷേത്രത്തിന് സമർപ്പിക്കുന്നത്. 

അമേരിക്കയിൽ സ്ഥിര താമസമാക്കിയ തൃശ്ശൂർ സ്വദേശിയായ ഒരു ഭക്തനാണ് ക്ഷേത്രത്തിന് വഴിപാടായി  ദീപസ്തംഭം സമർപ്പിച്ചത്. വരുന്ന വിഷു ദിനത്തിൽ മിഷഗനിലെ ഗുരുവായൂരപ്പ ക്ഷേത്രത്തിൽ ഈ വലിയ ദീപസ്തംഭത്തിൽ തിരി തെളിയും. പരുമല കാട്ടുംപുറത്ത് പന്തപ്ലാ തെക്കേതിൽ പി.പി അനന്തൻ ആചാരിയുടെയും മകൻ അനു അനന്തന്റെയും നേതൃത്വത്തിൽ ആർട്ടിസാൻസ് ഗ്രൂപ്പ് ഓഫ് കമ്പനിയാണ് ദീപസ്തംഭത്തിന്റെ നിർമ്മാതാക്കൾ. 

ശബരിമല, ഏറ്റുമാനൂർ, പാറമേൽക്കാവ് തുടങ്ങി കേരളത്തിലെ നിരവധി പ്രശസ്തങ്ങളായ ക്ഷേത്രങ്ങളിലെ സ്വർണ്ണ കൊടിമരങ്ങൾ, ഇതര സംസ്ഥാനങ്ങളിലെ പ്രസിദ്ധമായ നിരവധി ആരാധനാലയങ്ങളിലും, അമേരിക്കയിലെ ന്യൂയോർക്ക്‌ ക്രിസ്ത്യൻ പള്ളി, ചിക്കാഗോ കത്തീഡ്രൽ ചർച്ച് എന്നിവിടങ്ങളിലെ കൊടിമരങ്ങൾ, റ്റാമ്പ അയ്യപ്പക്ഷേത്രത്തിൽ കൊടിമരം, ബലിക്കല്ല്, ശ്രീകോവിൽ അലങ്കാര പണികൾ എന്നിവയിലും അനന്തൻ ആചാരിയുടെയും മകൻ അനു അനന്തന്റെയും കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. 

10 പേരോളം അടങ്ങുന്ന തൊഴിലാളികളുടെ ആറുമാസത്തെ പ്രയത്നത്തിലാണ് ദീപസ്തംഭത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പരമ്പരാഗത രീതിയിൽ പണിതെടുത്ത ദീപസ്തംഭത്തിന്റെ പീഠത്തിൽ കൂർമ്മം, കൂർമ്മത്തിൽ ദീപകന്യക, മഹാവിഷ്ണുവിന്റെ രൂപം അന്വർത്ഥമാകുന്ന രീതിയിൽ ശംഖ്, ചക്രം, ഗദ, പത്മം എന്നിവ രൂപകൽപ്പന ചെയ്ത് ഇതിന് മുകളിലായി 9 തട്ടും, മുകളിൽ ഗരുഡ വാഹനത്തോടും കൂടിയാണ് ഈ ദീപസ്തംഭത്തിന്റെ നിർമ്മാണം.

Read More : ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ് ഒരുങ്ങുന്നു, അന്താരാഷ്ട്ര കായിക ഉച്ചകോടിക്കായി; മുന്നൊരുക്ക പരിപാടികള്‍ 12ന്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ