
കൊച്ചി: മറ്റത്തൂരിൽ നടന്ന അട്ടിമറി ബിജെപി യുടെ തലയിൽ കെട്ടിവയ്ക്കേണ്ടെന്ന് ബിജെപി എറണാകുളം മേഖല പ്രസിഡന്റ് എ. നാഗേഷ്. ബിജെപി നൽകിയ പിന്തുണ കോൺഗ്രസിനല്ല. കോൺഗ്രസിൽ നിന്ന് രാജി വച്ച് എത്തിയ പഞ്ചായത്ത് അംഗങ്ങൾക്കാണ് പിന്തുണ നൽകിയത്. പാർട്ടിയിൽ നിന്ന് രാജി വച്ച കത്ത് ബിജെപിക്ക് കിട്ടി. അതിന് ശേഷമാണ് പിന്തുണ നൽകിയത്. കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവായ ഔസേപ്പിനെ പ്രസിഡന്റ് സ്ഥാനാർഥിയാക്കിയത് സിപിഎമ്മാണെന്നും നാഗേഷ് പറഞ്ഞു.
അതേസമയം, കൂറുമാറ്റ വിവാദത്തില്‍ പാര്‍ട്ടിയുമായി അനുനയത്തിന് ശ്രമിച്ച് കോണ്‍ഗ്രസ് വിമതര്‍. പുറത്താക്കപ്പെട്ട ഡിസിസി സെക്രട്ടറി ടി.എം.ചന്ദ്രന്‍റെ നേതൃത്വത്തില്‍ എട്ട് പഞ്ചായത്ത് അംഗങ്ങള്‍ റോജി എം ജോണ്‍ എംഎല്‍എയുമായി ചര്‍ച്ച നടത്തി. കെപിസിസി പ്രസിഡന്‍റിന്‍റെ നിര്‍ദേശ പ്രകാരമാണ് റോജി വിമതരുമായി ചര്‍ച്ച നടത്തിയത്. ബിജെപിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഒരു അംഗം പോലും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും ചര്‍ച്ചയില്‍ ടിഎം ചന്ദ്രനും കൂട്ടരും റോജിയോട് പറഞ്ഞു.
സിപിഎമ്മിനെ പഞ്ചായത്ത് ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ സ്വതന്ത്രനെ പ്രസിഡന്‍റാക്കുക മാത്രമാണ് ചെയ്തതെന്നും ഇതിനെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും വിമത കോണ്‍ഗ്രസ് അംഗങ്ങള്‍ റോജിയെ അറിയിച്ചു. പാര്‍ട്ടി പറയുന്ന എന്ത് കാര്യവും നടപ്പാക്കാമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. ഡിസിസിയുമായി കൂടിയാലോചന നടത്തിയ ശേഷം തുടര്‍ തീരുമാനമെടുക്കുമെന്ന് റോജി അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam