
കോഴിക്കോട്: പുതുപ്പാടി പെരുമ്പള്ളിയിൽ ബൈക്കിലെത്തിയ മോഷ്ടാവ് ആറുവയസ്സുകാരിയുടെ സ്വർണവള മുറിച്ചെടുത്ത് കടന്നുകളഞ്ഞു. പെരുമ്പള്ളി പണ്ടാരപ്പെട്ടി ശിഹാബുദ്ദീൻ-തസ്നി ദമ്പതിമാരുടെ മകൾ ആയിഷയുടെ കൈയിലുണ്ടായിരുന്ന മുക്കാൽപ്പവൻ തൂക്കം വരുന്ന സ്വർണവളയാണ് കവർന്നത്. തിങ്കളാഴ്ചയാണ് സംഭവം. തസ്നിയുടെ പരാതിയിൽ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മദ്രസയിൽ പോയി മടങ്ങുകയായിരുന്ന ആയിഷയെ, ചമൽ റോഡിലേക്കുള്ള ഭാഗത്തെ വളവിൽ അങ്കണവാടിക്കരികിൽവെച്ച് ബൈക്കിലെത്തിയ യുവാവ് സമീപിക്കുകയായിരുന്നു.
ഇരുനിറത്തിൽ തടിച്ച ശരീരപ്രകൃതിയുള്ള യുവാവ് ഹെൽമെറ്റിന്റെ ഗ്ലാസ് ഉയർത്തിയാണ് ബാലികയോട് സംസാരിച്ചത്. ‘മോളേ ഈ വള ഞാൻ എടുക്കുകയാണ്. വിൽക്കാൻ വേണ്ടിയാണ്’ എന്നുപറഞ്ഞ് കൈയിൽപ്പിടിച്ച് ആദ്യം വള ഊരിയെടുക്കാൻ ശ്രമിച്ചതായി ആയിഷ മാതാപിതാക്കളെ അറിയിച്ചു. വള ഊരാൻ സാധിക്കാതെ വന്നതോടെ പിന്നീട് കത്രികപോലുള്ള ആയുധമുപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. ഈ സമയം മദ്രസയിൽനിന്ന് മടങ്ങുകയായിരുന്ന മറ്റു കുട്ടികളും പരിസരത്തുണ്ടായിരുന്നു. ബാലിക വീട്ടിലെത്തി “ഒരു ഇക്കാക്ക വന്ന് വള വിൽക്കാൻ കൊണ്ടുപോയി” എന്ന് അറിയിച്ചതോടെയാണ് വീട്ടുകാർ കാര്യമറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam