'റേഡിയോയും യൂട്യൂബും കേട്ട് പാട്ട് പഠിച്ചു'; കണ്ണിലെ ഇരുട്ടിൽ സം​ഗീതത്തിന്റെ വെളിച്ചം നിറച്ച് ആര്യ

By Nikhil PradeepFirst Published Jan 24, 2023, 12:58 PM IST
Highlights

കണ്ണൂർ വടുവൻകുളം ആര്യനിവാസിൽ പ്രകാശൻ സ്വപ്ന ദമ്പതികളുടെ ഇളയ മകളാണ് ഇരുപത്തൊന്ന് വയസുകാരി ആര്യ പ്രകാശ്. 
 

തിരുവനന്തപുരം: കണ്ണുകളിൽ ജന്മനാ ഉള്ള ഇരുട്ട് സ്വപ്നങ്ങൾക്കൊരു തടസ്സമല്ലെന്ന് ജീവിതം കൊണ്ട് തെളിയിക്കുകയാണ് ആര്യ എന്ന പെൺകുട്ടി. പ്രശസ്ത മജീഷ്യൻ ​ഗോപിനാഥ് മുതുകാട് കഴിഞ്ഞ ദിവസം ആര്യ പാട്ട് പാടുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ആര്യയുടെ പാട്ടിന് മികച്ച പ്രതികരണം അറിയിച്ചത്. റേഡിയോയിലെ പാട്ട് കേട്ടും യൂട്യൂബ് വഴിയുമാണ് ആര്യ പാട്ട് പഠിച്ചത്. കണ്ണൂർ വടുവൻകുളം ആര്യനിവാസിൽ പ്രകാശൻ സ്വപ്ന ദമ്പതികളുടെ ഇളയ മകളാണ് ഇരുപത്തൊന്ന് വയസുകാരി ആര്യ പ്രകാശ്. 

മൂന്ന് വയസുമുതൽ റേഡിയോയിലെ പാട്ട് കേട്ടാണ്  ആര്യ സംഗീതത്തോട് അടുക്കുന്നത്. അന്ന് അങ്കണവാടി അധ്യാപകരുടെ പ്രോത്സാഹനം മൂലം ചെറിയ വേദികളിൽ പാടാനും സമ്മാനം നേടാനും സാധിച്ചു. മകളുടെ ആഗ്രഹങ്ങൾക്ക് ചിറക് നൽകി കൂലിപ്പണിക്കാരായ മാതാപിതാക്കൾ  ഒപ്പമുണ്ട്.  മൂന്നാം ക്ലാസിൽ വെച്ചാണ് ആര്യ ആദ്യമായി വലിയൊരു വേദിയിൽ പാടുന്നത്. അന്ന് കണ്ണൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന വികലാംഗ ദിന പരിപാടിയിൽ പാടി ഒന്നാം സമ്മാനം ഈ മിടുക്കി കരസ്ഥമാക്കിയിരുന്നു. 

തുടർന്ന് അങ്ങോട്ട് പല വേദികളിലും ആര്യ താരമായി. റേഡിയോയിൽ നിന്ന് പതിയെ യൂട്യൂബ് ആയി ആര്യയുടെ ഗുരു. മൊബൈൽ ഫോണിലെ വോയ്സ് അസിസ്റ്റൻ്റ് സംവിധാനത്തിൻ്റെ സഹായത്തോടെ ഗാനങ്ങൾ  ആസ്വദിക്കുകയും തുടർന്ന് അവ പഠിച്ചെടുകുകയും ആണ് ആര്യ ചെയ്യുന്നത്. മെലഡി ഗാനങ്ങളോട് ആണ് ആര്യക്ക് ഏറെ ഇഷ്ടം. 

പിതാവ് പ്രകാശന് മരംമുറിക്കൽ ആണ് ജോലി. അമ്മ സ്വപ്ന കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. മകളുടെ ഇഷ്ടങ്ങൾക്ക് തങ്ങളാൽ കഴിയുന്ന എല്ലാ പിന്തുണയും മാതാപിതാക്കൾ നൽകുന്നുണ്ട്. മകൾക്ക് കാഴ്ച ഇല്ലാത്തത് സങ്കടപ്പെടുത്തുന്ന കാര്യമാണ്. ആ സങ്കടങ്ങളെ മറികടക്കാൻ മകളുടെ അഭിരുചി മനസ്സിലാക്കി അതിനു പിന്തുണ നൽകി, കാഴ്ച ഇല്ലാത്തത് ഒരു പ്രശ്നമല്ല എന്ന് മോളെ ബോധ്യപ്പെടുത്തി കൊടുക്കുകയാണ് തങ്ങൾ ചെയ്യുന്നത് എന്ന് പിതാവ് പ്രകാശൻ ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

നിലവിൽ കാലടി സർവകലാശാലയിൽ എം. എ ഹിന്ദി ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് ആര്യ. ഡിഗ്രി അവസാന വർഷം പഠിക്കുമ്പോഴാണ് മജീഷ്യൻ ഗോപിനാഥ് മുതുകാടിൻ്റെ നേതൃത്വത്തിൽ കഴക്കൂട്ടം മാജിക്ക് പ്ലാനറ്റിൽ നടന്ന ഇൻ്റർനാഷണൽ ഓൺലൈൻ ടാലൻ്റ് ഷോയായ സഹയാത്ര എന്ന പരിപാടിയിൽ ആര്യ പങ്കെടുക്കുന്നത്. ഇതാണ് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദി എന്നും ഇതിന് ശേഷമാണ് തനിക്ക് ഒരുപാട് അവസരങ്ങൾ തേടി വരുന്നത് എന്നും ആര്യ പറയുന്നു. 

കെ.എസ് ചിത്ര ആണ് ആര്യക്ക് ഇഷ്ടപ്പെട്ട ഗായിക. എന്നെങ്കിലും കെ.എസ് ചിത്രയെ നേരിട്ട് കാണണം എന്ന് ആര്യ ആഗ്രഹിക്കുന്നു. പാട്ടുകാരി ആകണമെന്നും സിനിമയിൽ പാടണം എന്നുമാണ് ആര്യയുടെ അതിയായ ആഗ്രഹം. ഭിന്നശേഷിക്കാരായ യുവ പ്രതിഭകളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനവും പരിശീലനവും നൽകി വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ത്രിദിന പെർഫോമൻസ് ആൻഡ് അസ്സെസ്മെന്റ് ക്യാമ്പിൽ പങ്കെടുക്കാൻ മാതാപിതാക്കൾക്ക് ഒപ്പം തിരുവനന്തപുരത്ത് എത്തിയതായിരുന്നു ആണ് ആര്യ.

click me!