
പാലക്കാട്: പാലക്കാട് നിന്നും തട്ടിക്കൊണ്ടു പോയ വ്യവസായിയെ പൊലീസ് കണ്ടെത്തി. കോതകുറിശ്ശിയിൽ നിന്നാണ് പൊലീസ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഇയാളെ ഒരു വീട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അക്രമികൾ ഉറങ്ങിയ സമയം വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിക്കുകയായിരുന്നു വ്യവസായി. ബിസിനസ് രംഗത്തെ വൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് വ്യവസായി പറഞ്ഞു. മലപ്പുറം വണ്ടൂർ സ്വദേശിയായ പ്രവാസി വ്യവസായി വിപി മുഹമ്മദലിയെ ആണ് പൊലീസ് കണ്ടെത്തിയത്. ഇയാളെ തോക്ക് ചൂണ്ടിയായിരുന്നു തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ പൊലീസ് ഇന്നലെ മുതൽത്തന്നെ അന്വേഷണം ഊർജിതമാക്കിയിരുന്നു. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴു സംഘങ്ങളായാണ് തെരച്ചിൽ നടത്തിയിരുന്നത്. തൃശൂർ റേഞ്ച് ഐജി, പാലക്കാട് ജില്ലാ പൊലീസ് മേധാവി എന്നിവരാണ് അന്വേഷണത്തിൽ മേൽനോട്ടം വഹിച്ചിരുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.
ഇന്നലെ വൈകീട്ട് ആറരയോടെ തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപത്ത് നിന്നാണ് വ്യവസായിയെ തട്ടിക്കൊണ്ടു പോയത്. കൂറ്റനാട് ഭാഗത്ത് നിന്നും ആറങ്ങോട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന വ്യവസായിയുടെ വാഹനത്തെ ഒരു സംഘം തടഞ്ഞുനിർത്തുകയായിരുന്നു. പിന്നീട് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം വ്യവസായിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam