'ഇനിയൊരു അഭിമന്യു' വേണ്ട; എസ് ഡി പിഐയ്ക്കെതിരെ പ്രതിഷേധിച്ച് ക്യാംപസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറിയുടെ രാജി

By Web TeamFirst Published Dec 5, 2018, 5:29 PM IST
Highlights

കഴിഞ്ഞ ദിവസം ഇക്‌ബാൽ കോളേജിലെ എസ്‌ എഫ്‌ ഐ പ്രവർത്തകരെ കാംപസ് ഫ്രണ്ടിന്‍റെ പേരില്‍ പുറത്തുനിന്നെത്തിയ എസ്‌ഡിപിഐ സംഘം ആക്രമിച്ചിരുന്നു. അഞ്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജില്‍ കത്തിക്കുത്തേറ്റ് അഭിമന്യു പിടഞ്ഞ് മരിച്ചിട്ട് അധികം നാളായിട്ടില്ല. കോളേജിനകത്ത് നടന്ന ചെറിയ തര്‍ക്കം കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. അഭിമന്യു കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെല്ലാം ക്യാംപസ് ഫ്രണ്ട്, എസ് ഡി പി ഐ പ്രവര്‍ത്തകരായിരുന്നു. അഭിമന്യു വിഷയം കേരളം ഒന്നടങ്കം ഏറ്റെടുത്തപ്പോള്‍ എസ് ഡി പി ഐയും വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു.

ക്യാംപസ് ഫ്രണ്ടും എസ് ഡി പി ഐയും ക്യാംപസുകളില്‍ വീണ്ടും അഭിമന്യുമാരെ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് തിരുവനന്തപുരം പെരിങ്ങമ്മല ഇഖ്ബാല്‍ കോളേജിലെ ക്യാംപസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറി സംഘടനയില്‍ നിന്ന് രാജിവച്ചു. ക്യാമ്പസുകളിൽ അഭിമന്യുമാരെ സൃഷ്ടിക്കാൻ വേണ്ടിയുള്ള ക്യാമ്പസ് ഫ്രണ്ടിന്റെ സംഘടിത ശ്രമത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അസ്ലം യൂസഫ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇക്‌ബാൽ കോളേജിലെ എസ്‌ എഫ്‌ ഐ പ്രവർത്തകരെ കാംപസ് ഫ്രണ്ടിന്‍റെ പേരില്‍ പുറത്തുനിന്നെത്തിയ എസ്‌ഡിപിഐ സംഘം ആക്രമിച്ചിരുന്നു.

അഞ്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ക്യാമ്പസുകളിൽ അഭിമന്യുമാരെ സൃഷ്ടിക്കാൻ വേണ്ടിയുള്ള സംഘടിത ശ്രമമാണ് നടക്കുന്നതെന്ന് യൂസഫ് വിമര്‍ശിച്ചു.

അസ്ലം യൂസഫിന്‍റെ കുറിപ്പ്

എന്റെ പേര് അസ്ലം.
ഞാൻ ഇക്ബാൽ കോളേജിൽ മൂന്നാം വർഷ BA COMMUNICATIVE ENGLISH വിദ്യാർത്ഥിയാണ്. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഇക്ബാൽ കോളേജ് യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.03 12 2018 തിങ്കൾ വൈകുന്നേരത്തോടു കൂടി CFI വിളംബര ജാഥ നടക്കുകയുണ്ടായി. പ്രകോപനപരമായ നീക്കങ്ങൾ SDPlയുടെ പ്രാദേശിക പ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടാകുകയും SFI യിലെ ഒരു വിദ്യാർത്ഥിയെ മർദ്ദിച്ച് അവശനാക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ധാർമ്മികത്വത്തിനു വിരുദ്ധമായ ഈ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ഞാൻ എന്റെ സ്ഥാനം രാജിവക്കുകയും തുടർന്നുള്ള എല്ലാ സംഘടനാപ്രവർത്തനത്തിൽ നിന്നും അംഗത്ത്വത്തിൽ നിന്നും പുറത്ത് പോവുകയാണ്. ക്യാമ്പസുകളിൽ അഭിമന്യുമാരെ സൃഷ്ടിക്കാൻ വേണ്ടിയുള്ള ക്യാമ്പസ് ഫ്രണ്ടിന്റെ സംഘടിത ശ്രമമാണ് ഇതിൽ പ്രതിഷേധിച്ച് കൊണ്ട് ഞാൻ ഈ സംഘടനയിൽ നിന്നും എന്നെന്നേയ്ക്കുമായ് പുറത്ത് പോവുകയാണ്.

 

click me!