കൗൺസിലർമാരുടെ പിന്തുണയുടെ അടിസ്ഥാനത്തിൽ രണ്ട് പേർക്കായി അധ്യക്ഷ സ്ഥാനം വീതം വയ്ക്കണമെന്നതാണ് ഉമ തോമസിന്‍റെ ആവശ്യം. എന്നാൽ ഉമയുടെ ആവശ്യം ഡി സി സി നേതൃത്വം തള്ളിക്കളഞ്ഞിരുന്നു
കൊച്ചി: എറണാകുളത്ത് കോൺഗ്രസിൽ തർക്കങ്ങൾ തീരുന്നില്ല. ഏറ്റവും ഒടുവിൽ ഉമ തോമസ് എം എൽ എയാണ് പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലിയാണ് ഉമ തോമസും പാർട്ടി ജില്ലാ നേതൃത്വവും തമ്മിൽ തർക്കം രൂക്ഷമായത്. തൃക്കാക്കരയിലും കെ പി സി സി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടെന്നാണ് ഉമ തോമസ് എം എൽ എയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സി പ്രസിഡണ്ടിന്‍റ് സണ്ണി ജോസഫിന് ഉമ തോമസ് പരാതി നൽകി. കൗൺസിലർമാരുടെ പിന്തുണയുടെ അടിസ്ഥാനത്തിൽ രണ്ട് പേർക്കായി അധ്യക്ഷ സ്ഥാനം വീതം വയ്ക്കണമെന്നതാണ് ഉമ തോമസിന്‍റെ ആവശ്യം. എന്നാൽ ഉമയുടെ ആവശ്യം ഡി സി സി നേതൃത്വം തള്ളിക്കളഞ്ഞിരുന്നു. ഇതോടെയാണ് ഉമ, കെ പി സി സിക്ക് പരാതി നൽകിയത്. കൊച്ചി കോർപ്പറേഷനിൽ ഒരു നീതിയും തൃക്കാക്കരയിൽ മറ്റൊരു നീതിയും പറ്റില്ലെന്ന് ഉറച്ച നിലപാടിലാണ് ഉമ തോമസ്.
ദീപ്തി മേരി വർഗീസിന്‍റെ പ്രതിഷേധം
നേരത്തെ കൊച്ചി കോർപറേഷനിൽ മേയറാകുമെന്ന് കരുതപ്പെട്ടിരുന്ന ദീപ്തി മേരി വർഗീസ് സ്ഥാനം ലഭിക്കാത്തതിൽ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കെ പി സി സിക്ക് പരാതി നൽകിയ ദീപ്തി, പരസ്യ പ്രതിഷേധത്തിൽ നിന്ന് പിന്മാറി മേയർ തെരഞ്ഞെടുപ്പിലടക്കം സജീവമായി പങ്കെടുത്തു. കൊച്ചി മേയർ സ്ഥാനവുമായി ബന്ധപ്പെട്ട് പരിഭവം അവസാനിപ്പിച്ച ദീപ്തി, മേയർ സ്ഥാനത്തേക്ക് പാർട്ടി തീരുമാനിച്ച വി കെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയർപ്പിച്ച് കൊണ്ട് ഫേസ്ബുക്ക് കുറിപ്പിടുകയും ചെയ്തു.
അതേസമയം മേയര്‍ സ്ഥാനത്തെ ചൊല്ലി ഉയര്‍ന്ന അഭിപ്രായ ഭിന്നതയില്‍ പുകയുകയാണ് കോണ്‍ഗ്രസ്. ദീപ്തി മേരി വര്‍ഗീസിന് മേയര്‍ സ്ഥാനം നിഷേധിച്ച നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് എറണാകുളം ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍. കെ പി സി സി ജനറൽ സെക്രട്ടറി എം ആര്‍ അഭിലാഷും ദീപ്തിയെ വെട്ടിയതില്‍ അതൃപ്തി പരസ്യമാക്കിയിരുന്നു. ദീപ്തി മേരി വർഗീസിനെ മേയർ സ്ഥാനത്തുനിന്ന് വെട്ടിയ നടപടിയിൽ പ്രതിപക്ഷ നേതാവിനെതിരെയാണ് എം ആർ അഭിലാഷ് വിമർശനം ഉന്നയിച്ചത്. കെ പി സി സി മാനദണ്ഡങ്ങൾ എന്തുകൊണ്ട് ലംഘിക്കപ്പെട്ടു എന്ന് പ്രതിപക്ഷ നേതാവും ഡി സി സി പ്രസിഡൻ്റും പറയണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്. ചിലരുടെ വ്യക്തി താൽപ്പര്യങ്ങളാണ് മേയർ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും കെ പി സി സി ജനറൽ സെക്രട്ടറിക്ക് ദേശാഭിമാനി പത്രത്തിൻ്റെ വില പോലും നൽകിയില്ലെന്നാണ് അഭിലാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.


