
ഇടുക്കി: ഒപ്പം വിജയിച്ച മറ്റു സംസ്ഥാനക്കാരൊക്കെ സർക്കാർ സർവീസിൽ കഴിയുമ്പോൾ കട്ടപ്പനക്കാരൻ സാംബോ സൗത്തേഷ്യന്‍ താരം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പണം പോലുമില്ലാതെ വലയുകയാണ്. കഴിഞ്ഞ വർഷത്തെ സാംബോ സൗത്തേഷ്യന്‍ ചാമ്പ്യന്‍ഷിപ്പിൽ വിവിധ രാജ്യങ്ങളിലെ എതിരാളികളെ ഇടിക്കൂട്ടില്‍ നിഷ്പ്രഭനാക്കിയ കട്ടപ്പന സ്വദേശി ഹരീഷ് വിജയന് ഇപ്പോൾ ഏഷ്യൻ ചാമ്പ്യൻഷിപ്പിലേയ്ക്ക് യോഗ്യത ലഭിച്ചിരിക്കുകയാണ്.
എന്നാൽ സ്വപ്നതുല്യമായ ഈ മത്സരത്തിലേയ്ക്ക് അവസരം ലഭിച്ചെങ്കിലും ആവശ്യമായ പണച്ചിലവാണ് പ്രതിബന്ധമാകുന്നത്. ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്നുവരെ ചൈനയിലെ മക്കാവോയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഒന്നരലക്ഷം രൂപ വേണം. സാധാരണ കുടുംബാംഗമായ ഹരീഷിന് ഇത്രയും തുക കണ്ടെത്തി മത്സരത്തിൽ പങ്കെടുക്കുക പ്രയാസമാണ്. എന്നാൽ പണമില്ലാത്തതിനാൽ തന്റെ സ്വപ്നങ്ങൾ ഉപേക്ഷിക്കാനും വയ്യ. കഴിഞ്ഞദിവസമാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള ക്ഷണം ലഭിച്ചത്. വിമാനടിക്കറ്റും മറ്റ് യാത്രാച്ചെലവുകളും ഉള്‍പ്പെടെ വന്‍തുക ചെലവാകും. മുന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ ഇതിനോടകം വലിയ തുക ചെലവായി.
സഹായമെത്തിയാൽ ഹരീഷിന് ഗോദയിലിറങ്ങാം
സന്മനസുള്ളവരോ സന്നദ്ധ സംഘടനകളോ ഒന്ന് മനസുവച്ചാല്‍ രാജ്യത്തെ പ്രതിനിധീകരിച്ച് മക്കാവോയിലെ റിങ്ങില്‍ ഹരീഷ് വിജയനും ഉണ്ടാകും. കഴിഞ്ഞവര്‍ഷം നടന്ന സൗത്ത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മാലദ്വീപിനെ പരാജയപ്പെടുത്തിയതാണ് ഹരീഷ് ചാമ്പ്യനായത്. നാടൊന്നാകെ ഹരീഷിന് സ്വീകരണം നല്‍കിയിരുന്നു. തുടര്‍ന്ന് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെടെ മത്സരിക്കുകയും സ്വര്‍ണമെഡല്‍ നേടുകയും ചെയ്തു.
ഏഴാം ക്ലാസ് മുതൽ കായിക ഇനങ്ങളിൽ മികവ് തെളിയിച്ച ഹരിഷ് പിന്നീട് സ്പോർട്സ് ഹോസ്റ്റലുകളിലെ പഠനകാലത്ത് കരാട്ടേ, ജൂഡോ എന്നിവയിലേയ്ക്ക് തിരിയുകയായിരുന്നു. പിന്നീട് സാംബോയിലേയ്ക്ക് തിരിഞ്ഞ ഹരീഷ് മികച്ച പ്രകടനത്തിലൂടെ സംസ്ഥാന, ദേശീയ തലത്തിൽ സ്വർണ മെഡൽ ജേതാവാകുയായിരുന്നു. തുടർന്നാണ് സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വിജയത്തിലൂടെ മലയാളികളുടെയും കട്ടപ്പനക്കാരുടെയും അഭിമാനമായി മാറിയത്.
ഇപ്പോൾ യോഗ്യത നേടിയിരിക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വിജയിച്ചാൽ ഏതൊരു കായിക താരത്തിൻ്റെയും സ്വപ്നമായ ഒളിംബിക്സിലേയ്ക്കാണ് പ്രവേശനം ലഭിക്കുക. ആരും കൊതിക്കുന്ന ഈ അഭിമാന നേട്ടത്തിൻ്റെ തൊട്ടരികിലാണ് പണത്തിൻ്റെ പ്രതിസന്ധിയിൽ തട്ടി ഈ 27 കാരനായ യുവാവ് പകച്ച് നിൽക്കുന്നത്. കട്ടപ്പനയിൽ ചെറുകിട കച്ചവടക്കാരനായ വിജയനാണ് ഹരീഷിൻ്റെ പിതാവ്. ഉഷയാണ് മാതാവ്.
സംസ്ഥാനത്ത് പലയിടങ്ങളിലും നാളെ സൈറൺ മുഴങ്ങും; പരിഭ്രാന്തരാവേണ്ടെന്ന് അധികൃതർ, പരീക്ഷണം മാത്രം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam