
കോഴിക്കോട്: ചരക്ക് ലോറികൾ കൂട്ടിയിടിച്ച് താമരശ്ശേരി ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് ചരക്കുമായി വരുന്ന ലോറിയും കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ചരക്കു ലോറിയും തമ്മിൽ ചുരത്തിലെ ഒന്നാം വളവിനു മുകളിലായിട്ടാണ് കൂട്ടിയിടിച്ചത്.
രണ്ട് ലോറികളിലെയും ഡ്രൈവർമാർക്ക് സാരമായ പരിക്കേറ്റു. സ്റ്റിയറിംഗ് വീലിനുള്ളിൽ കുടുങ്ങിയ ഒരു ലോറിയിലെ ഡ്രൈവറെ ലോറി വെട്ടിപ്പൊളിച്ചാണ് ചുരം സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്. ആറരയോട് കൂടി ക്രെയിൻ ഉപയോഗിച്ച് ലോറികൾ രണ്ടും റോഡിൽ നിന്നും മാറ്റുന്നതു വരെ ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിലച്ചിരുന്നു.
ചുരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാവുമ്പോൾ ചെറുവാഹനങ്ങൾ കടത്തിവിടുന്ന മുപ്പതേക്കറ- നാലാം വളവ് ബദൽ റോഡിലുടെയുള്ള വാഹനങ്ങളുടെ അതിപ്രസരം ഗതാഗതക്കുരുക്ക് ഒന്നുകൂടി രൂക്ഷമാക്കി. ഈ റോഡ് മാസങ്ങളോളമായി തകർന്നു കിടന്നിട്ടും യാതൊരു വിധ അറ്റകുറ്റ പണികളും നടത്താതിരുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നതിന് കാരണമായി. ഇതിനിടെ പത്തോളം കാറുകൾ കേടായത് ഗതാഗത സ്തംഭനത്തിന് ആക്കം കൂട്ടി. ചുരം സംരക്ഷണ സമിതി പ്രവർത്തകരും താമരശ്ശേരി പോലീസും സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam