വർക്കലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത കൗൺസിലർ പാർവതി ഗിരികുമാറിന് ടിക്കറ്റുണ്ടായിട്ടും റെയിൽവേ പിഴ ചുമത്തി. തിരുവനന്തപുരം-ചെന്നൈ മെയിൽ ഒരു സൂപ്പർഫാസ്റ്റ് ട്രെയിനാണെന്ന് പറഞ്ഞാണ് 265 രൂപ പിഴ ഈടാക്കിയത്. 

തിരുവനന്തപുരം: ടിക്കറ്റെടുത്തിട്ടും റെയിൽവേ പിഴ ചുമത്തിയതിനെതിരെ പ്രതികരണവുമായി തിരുവനന്തപുരത്തെ കൗൺസിലർ ​പാർവതി ​ഗിരികുമാർ. വർക്കലയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് അനുഭവമുണ്ടായതെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. റെയിൽവൺ എന്ന ആപ്പ് വഴി 30 രൂപയുടെ ജനറൽ ടിക്കറ്റ് എടുത്തിട്ടും, തിരുവനന്തപുരം-ചെന്നൈ മെയിലിൽ യാത്ര ചെയ്ത താനടക്കമുള്ളവരിൽ നിന്ന് 265 രൂപ പിഴയായി ഈടാക്കിയെന്ന് അവർ കുറിച്ചു. മെയിൽ ട്രെയിനുകൾക്കുള്ള ടിക്കറ്റ് ആണെന്നും തിരുവനന്തപുരം-ചെന്നൈ മെയി സൂപ്പർഫാസ്റ്റ് ആണെന്നും പറഞ്ഞാണ് പിഴ ഈടാക്കിയത്. ട്രെയിനിന്റെ പേര് തിരുവനന്തപുരം സെൻട്രൽ മെയിൽ എന്നല്ലേ എന്ന ചോദ്യത്തിന് അത് ട്രെയിനിന്റെ പേര് ആണെന്നും ട്രെയിൻ സൂപ്പർഫാസ്റ്റ് ആണെന്നും ചെക്കർ മറുപടി നൽകി. ട്രെയിനനകത്തും വർക്കലയിലും ടിക്കറ്റ് പരിശോധിക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു.

പ്രശ്നം ചൂണ്ടിക്കാട്ടി റെയിൽവേ തിരുവനന്തപുരം ഡിവിഷൻ മാനേജറിന് പരാതി അയച്ചിട്ടുണ്ട്. നിയമപരമായി റെയിൽവേ കോടതിയിൽ കേസും ഫയൽ ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ ട്രെയിനിന്റെ പേര് മാറ്റുകയോ, ആപ്പിൽ അത് കൃത്യമായി രേഖപ്പെടുത്തുകയോ ചെയ്യണം എന്ന ആവശ്യവുമായി ഏത് കോടതി വരെ പോകാനും തയാറാണെന്നും അവർ പറഞ്ഞു.

പാർവതിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഇന്ന് രാവിലെ 10.10 നു വർക്കലയിൽ നിന്ന് തിരുവനന്തപുരം സെൻട്രലിലേക്ക് ഉള്ള തിരുവനന്തപുരം സെൻട്രൽ മെയിൽ അഥവാ TVC MAS CHENNAI MAIL എന്ന ട്രെയിനിന് റയിൽവേയുടെ കീഴിലുള്ള 'റെയിൽവൺ' എന്ന ആപ്പ് വഴി ജനറൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. 30 രൂപയാണ് മെയിൽ / എക്സ്പ്രസ്സ് ട്രെയിനുകളുടെ ചാർജ് കാണിച്ചത്. ട്രെയിൻ വന്നത് തന്നെ ഏഴ് മിനുട്ടോളം താമസിച്ചാണ്. ട്രെയിൻ ലേറ്റ് ആവുന്നത് ഈ നാട്ടിൽ വലിയ അത്ഭുതം ഒന്നും ഇല്ലാത്ത കാര്യം ആയതുകൊണ്ട് അതിൽ പ്രത്യേകിച്ചൊന്നും പറയാൻ ഇല്ല.

ഈ ട്രെയിനിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോൾ പുറത്തേക്കുള്ള വാതിലിനടുത്ത് ടിക്കറ്റ് ചെക്ക് ചെയ്യുന്ന ഒരു ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു. ആപ്പിൽ ബുക്ക് ചെയ്ത ടിക്കറ്റ് കാണിച്ചപ്പോൾ ഇത് മെയിൽ ട്രെയിനുകൾക്കുള്ള ടിക്കറ്റ് ആണെന്നും ഞാൻ വന്നത് സൂപ്പർഫാസ്റ്റ് ആണെന്നുമാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ 265 രൂപ ഫൈൻ അടയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതേ ട്രെയിനിന്റെ പേര് തിരുവനന്തപുരം സെൻട്രൽ മെയിൽ എന്നല്ലേ എന്ന ചോദ്യത്തിന് അത് ട്രെയിനിന്റെ പേര് ആണെന്നും സത്യത്തിൽ അത് സൂപ്പർഫാസ്റ്റ് ആണെന്നുമായിരുന്നു മറുപടി. എന്റെ കൂടെ മറ്റൊരാളും ഇത്പോലെ അബദ്ധം പറ്റി, അല്ല, തിരുത്തുണ്ട്, റയിൽവേയുടെ പറ്റിപ്പിൽ വീണ് നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ ഇത് എങ്ങനെ അറിയും എന്ന് ചോദിച്ചപ്പോൾ അത് നിങ്ങൾ അന്വേഷിക്കണം എന്നായി മറുപടി.

പല സ്ഥലത്ത് നിന്ന് ജോലിക്ക് പോകാനും പഠിക്കാനും മറ്റുമായി ഓടിവന്ന് ട്രെയിനിൽ കേറുമ്പോഴും ടിക്കറ്റ് എടുക്കുക എന്ന മാന്യത കാണിക്കുന്ന ഒരേ ഒരു വിഭാഗം ഈ രാജ്യത്ത് മലയാളികളാണ്. അതിനു പുറമെ കയറാൻ പോകുന്ന വണ്ടിയുടെ ഇനവും ജാതിയും ചരിത്രവും ഒക്കെ പഠിക്കണം എന്ന് പറഞ്ഞാൽ എത്രത്തോളം ഇല്ലോജിക്കൽ ആണെന്ന് ആലോചിക്കണം. ഈ ട്രെയിനിന് അകത്തോ വർക്കല സ്റ്റേഷനിലോ ടിക്കറ്റ് പരിശോധിക്കാൻ ആരുമില്ലായിരുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം.

3 - 4 മാസമായി ആഴ്ചയിൽ 3 - 4 ദിവസത്തോളം ഞാനും വിവിധ ട്രെയിനുകളിലായി വർക്കലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്ന ആളാണ്. ഇന്നേവരെ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇങ്ങനെ ഒരു ചെക്കിങ് ഉണ്ടായിട്ടും ഇല്ല. മനഃപൂർവം ഈ ട്രെയിനിൽ വരുന്നവരെ ട്രെയിനിന്റെ പേര് പറഞ്ഞ് പറ്റിച്ച് പൈസ വാങ്ങാൻ റെയിൽവേ തന്നെ ഔദ്യോഗിക ബഹുമതികൾ കൊടുത്ത് ആളെ നിയോഗിക്കും പോലെ ഉണ്ട്. പഠിച്ച് പാസായിൽ റെയിൽവേയിൽ ജോലിയും വാങ്ങിയിട്ട് ആളെപ്പറ്റിച്ച് പൈസ വാങ്ങേണ്ടി വരുന്ന ആ ഉദ്യോഗസ്ഥരുടെ അവസ്ഥയേ... പരിതാപകരം തന്നെ.

നിന്ന് ബഹളം വച്ച് ആളെക്കൂട്ടാൻ സമയം കിട്ടാത്തതുകൊണ്ട് തത്കാലം ഫൈൻ അടച്ചു. ഇത് ചൂണ്ടിക്കാട്ടി റെയിൽവേ തിരുവനന്തപുരം ഡിവിഷൻ മാനേജറിന് പരാതി അയച്ചിട്ടുണ്ട്. നിയമപരമായി റെയിൽവേ കോടതിയിൽ കേസും ഫയൽ ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ ട്രെയിനിന്റെ പേര് മാറ്റുകയോ, ആപ്പിൽ അത് കൃത്യമായി രേഖപ്പെടുത്തുകയോ ചെയ്യണം എന്ന ആവശ്യവുമായി ഏത് കോടതി വരെ പോകാനും തയാറാണ്. 30 രൂപ ടിക്കറ്റിനു 265 രൂപ ഫൈൻ അടയ്ക്കാൻ ശേഷിയുള്ളവർ മാത്രം ജീവിക്കുന്ന രാജ്യമല്ല ഇത്. 

(NB: ആ ആപ്പിൽ നിന്ന് ഈ ടിക്കറ്റിന്റെ ഒരു സ്ക്രീൻഷോട്ട് പോലും എടുക്കാൻ കഴിയുന്നില്ല. എന്റെ അറിവിൽ ഇതിനെയാണ് ആസൂത്രിത പറ്റിപ്പ്, അഥവാ organised crime എന്ന് പറയുന്നത്)