
തിരുവനന്തപുരം: അപകടത്തിൽപെട്ട ബൈക്ക് മോഷണം പോയതായി പരാതി നൽകിയിട്ടും പൊലീസ് അന്വേഷിക്കാൻ തയ്യാറാകുന്നില്ല എന്ന് ആക്ഷേപം. കിളിമാനൂർ പോങ്ങനാട് ആലത്തുക്കാവ് സുദേവ മന്ദിരത്തിൽ വിഷ്ണുവിൻ്റെ 2.8 ലക്ഷം രൂപയോളം വില വരുന്ന കെടിഎം ആർസി ബൈക്ക് ആണ് മോഷണം പോയത്.
ഫെബ്രുവരി 20ന് രാവിലെ ആറ്റിങ്ങൽ ഡ്രീംസ് തീയറ്ററിന് സമീപം വിഷ്ണുവിൻ്റെ ബൈക്കും, റോഡ് മുറിച്ച് കടക്കുകയായിരുന്ന യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം സംഭവിച്ചിരുന്നു. അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയ വിഷ്ണുവിനെയും സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സ്ത്രീയെയും ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വാരി എല്ലിന് പൊട്ടൽ ഉൾപ്പടെ പരിക്കുകൾ ഉള്ള വിഷ്ണു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകട ശേഷം സ്ഥലത്ത് എത്തിയ ഹൈവേ പൊലീസ് സംഘം സംഭവ സ്ഥലത്ത് തന്നെ വാഹനം ഒതുക്കി വെച്ച ശേഷം വാഹനത്തിൻ്റെ താക്കോൽ കൊണ്ട് പോയതായി നാട്ടുകാർ പറയുന്നു. അപകടത്തിൽ വാഹനത്തിൻറെ ഹെഡ് ലൈറ്റ് ഭാഗം ആണ് തകർന്നിരുന്നത്.
അടുത്ത ദിവസം വാഹനം തുടർ നടപടികൾക്കായി മാറ്റാനായി എത്തിയ വിഷ്ണുവിൻ്റെ സഹോദരൻ മിഥുനും സുഹൃത്തുക്കളുമാണ് വാഹനം മോഷണം പോയത് അറിയുന്നത്. ഇവർ സമീപത്ത് എല്ലാം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇവർ വാഹനം കാണാൻ ഇല്ല എന്ന് കാട്ടി ആറ്റിങ്ങൽ പൊലീസിന് പരാതി നൽകിയെങ്കിലും പൊലീസ് തുടർ നടപടികൾ സ്വീകരിച്ചില്ല എന്ന് പറയുന്നു. വാഹനം ഇരുന്ന സ്ഥലത്തിന് സമീപമുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഒരുപക്ഷെ മോഷ്ടാവിനെ കണ്ടെത്താൻ കഴിയുമെന്നാണ് വിഷ്ണുവിന്റെ സഹോദരൻ പറയുന്നത്. പൊലീസിൻ്റെ ഭാഗത്ത് നിന്ന് സഹായം ലഭിക്കാതെ വന്നതോടെ വണ്ടിയുടെ ചിത്രങ്ങൾ സഹിതം ഇവർ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു. തുടർന്ന് വാഹനം അപകടത്തിൽപ്പെട്ട ദിവസം രാത്രി ഇതേ നിറത്തിലുള്ള വാഹനം നാവായിക്കുളം ഭാഗത്ത് കണ്ടതായി ഇവർക്ക് വിവരം ലഭിച്ചു. മുഖം മറച്ച രണ്ടു യുവാക്കൾ നമ്പർ പ്ലേറ്റ് തുണി കൊണ്ട് മറച്ച ഇതേ നിറത്തിലുള്ള ബൈക്കുമായി പോകുന്നത് കണ്ടു എന്നാണ് തങ്ങൾക്ക് വിവരം ലഭിച്ചത് എന്ന് മിഥുൻ പറഞ്ഞു. ഇത് ഉൾപ്പടെ പൊലീസിനെ അറിയിച്ചെങ്കിലും വേണ്ട സഹായം ലഭിച്ചില്ല എന്ന് ഇവർ പറയുന്നു.
Read Also; വയനാട് ഓടപ്പള്ളം വനത്തില്‍ വന്‍ അഗ്നിബാധ; ആറ് ഏക്കറിലധികം കത്തി നശിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam