നിര്‍ണായകമായി സാക്ഷി മൊഴി: കനോലി കനാലിൽ സ്കൂട്ടര്‍ വീണ് യാത്രികൻ മരിച്ച സംഭവത്തിൽ അന്വേഷണം

Published : Jan 11, 2024, 06:48 AM IST
നിര്‍ണായകമായി സാക്ഷി മൊഴി: കനോലി കനാലിൽ സ്കൂട്ടര്‍ വീണ് യാത്രികൻ മരിച്ച സംഭവത്തിൽ അന്വേഷണം

Synopsis

രജനീഷിന്‍റെ സ്കൂട്ടറിനെ ഒരു പോലീസ് ജീപ്പ് പിന്തുടര്‍ന്നതായി ജില്ലാ കോടതിയിലെ അഭിഭാഷകനായ മുഹമ്മദ് അഫ്റിന്‍ നുഹ്മാന്‍ പോലീസിന് മൊഴി നല്‍കി

കോഴിക്കോട്: സ്കൂട്ടര്‍ യാത്രികന്‍ കനോലി കനാലില്‍ വീണ് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സ്കൂട്ടര്‍ യാത്രികനെ പോലീസ് പിന്തുടരുന്നത് കണ്ടെന്ന ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടയായിരുന്നു അപകടം. മത്സ്യത്തൊഴിലാളിയായ രജനീഷ് ഓടിച്ച സ്കൂട്ടര്‍ എടക്കാട് ടി ജംഗ്ഷനില്‍ വെച്ചാണ് സംരക്ഷണ ഭിത്തിയിലിടിച്ച് കനാലിലേക്ക് മറിഞ്ഞത്. പിന്നീട് ഫയര്‍ഫോഴ്സ് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി. 

രജനീഷിന്‍റെ സ്കൂട്ടറിനെ ഒരു പോലീസ് ജീപ്പ് പിന്തുടര്‍ന്നതായി ജില്ലാ കോടതിയിലെ അഭിഭാഷകനായ മുഹമ്മദ് അഫ്റിന്‍ നുഹ്മാന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പോലീസാണ് സംഭവം അന്വേഷിക്കുന്നത്. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന വെള്ളയില്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് സ്കൂട്ടറിനെ പിന്തുടര്‍ന്നതെന്നാണ് വിവരം. നിലവില്‍ അപകട മരണത്തിനാണ് എലത്തൂര്‍ പോലീസ് കെസെടുത്തിട്ടുളളത്. 

സ്പെഷ്യല്‍ ബ്രാഞ്ചും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. അതേസമയം പുതിയങ്ങാടിക്ക് സമീപം വെച്ച രജനീഷിന്റെ സ്കൂട്ടര്‍ നേരത്തെ മറിഞ്ഞിരുന്നതായും നാട്ടുകാര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് ഇക്കാര്യം അന്വേഷിച്ചാണ് വെളളയില്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുളള പട്രോളിംഗ് സംഘം എത്തിയതെന്നും പോലീസ് പറഞ്ഞു. ഈ സ്കൂട്ടര്‍ കണ്ടെത്താനായി പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. പോലീസ് ജീപ്പിലുണ്ടായിരുന്ന എസ്ഐ തന്നെയാണ് സ്കൂട്ടര്‍ കനാലില്‍ പോയ കാര്യം കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിച്ചതെന്നും പോലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി