ഹരിതകർമ സേനയുടെ മാലിന്യനീക്കത്തിനിടെ ഉണ്ടായ അപകടം; പരിക്കേറ്റ കുടുംബത്തിന്റെ ചികിത്സാ ചെലവ് പഞ്ചായത്ത് വഹിക്കു

Published : Jun 04, 2025, 08:41 PM IST
ഹരിതകർമ സേനയുടെ മാലിന്യനീക്കത്തിനിടെ ഉണ്ടായ അപകടം; പരിക്കേറ്റ കുടുംബത്തിന്റെ ചികിത്സാ ചെലവ് പഞ്ചായത്ത് വഹിക്കു

Synopsis

പുതുപ്പരിയാരത്ത് ഹരിത കർമ്മ സേനയുടെ മാലിന്യനീക്കത്തിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ കുടുംബത്തിന്റെ ചികിത്സാ ചെലവുകൾ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് വഹിക്കും.  

പാലക്കാട്: പുതുപ്പരിയാരത്ത് ഹരിത കർമ്മ സേനയുടെ മാലിന്യനീക്കത്തിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കുടുംബത്തിന്റെ ചികിത്സാ ചെലവുകൾ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് വഹിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. വിഷ്ണു-അജിന ദമ്പതികളുടെയും കുഞ്ഞിന്റെയും ചികിത്സയ്ക്ക് ഇതുവരെ ചെലവായതും തുടർന്നുള്ള ചെലവുകൾക്കുമുള്ള തുക ഗ്രാമപഞ്ചായത്ത് വഹിക്കാനാണ് ഉത്തരവിട്ടത്. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൽകിയ നിവേദനം പരിഗണിച്ചാണ് പ്രത്യേക അനുമതി നൽകിയത്. ഇത് വളരെ സവിശേഷമായ പ്രശ്നമാണെന്നതും, മാലിന്യ സംസ്കരണം പഞ്ചായത്തിന്റെ അനിവാര്യ പ്രവർത്തനമാണെന്നതും പരിഗണിച്ചാണ് അനുമതി നൽകാൻ തീരുമാനിച്ചത്. അപകടത്തിന്റെ കാരണം അന്വേഷിച്ച് ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. 

പുതുപ്പരിയാരം മുട്ടികുളങ്ങര ഭാഗത്ത് ഫെബ്രുവരി 18നാണ് അപകടം നടന്നത്. ഹരിതകർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചത് എംസിഎഫിലേക്ക് കൊണ്ടുപോകാനായി ട്രാക്ടറിലേക്ക് കയറ്റുമ്പോൾ ചാക്ക് നിലത്തുവീഴുകയും, ഇരുചക്ര വാഹനത്തിൽ അതുവഴി വരുകയായിരുന്ന വിഷ്ണുവും അജിനയും ചാക്കിന്മേൽ കയറി വീഴുകയുമായിരുന്നു. അജിന ഏഴുമാസം ഇരട്ടക്കുട്ടികളെ ഗർഭിണിയായിരുന്ന അവസ്ഥയിലായിരുന്നു അപകടത്തിൽപ്പെട്ടത്. ഹരിതകർമ്മ സേനാംഗങ്ങളും പഞ്ചായത്ത് ജീവനക്കാരും ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് പൂർണവളർച്ചയെത്താത്ത ഇരട്ടക്കുഞ്ഞുങ്ങൾക്ക് അജിന ജന്മം നൽകുകയും, ഒരു കുഞ്ഞ് ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് മരിക്കുകയും ചെയ്തു. രണ്ടാമത്തെ കുഞ്ഞ് ഇപ്പോഴും ചികിത്സയിലാണ്. കുഞ്ഞിന് തുടർ ചികിത്സയും നിരീക്ഷണവും അനിവാര്യമാണ്. അപകടത്തെത്തുടർന്ന് വിഷ്ണുവിന് കാലിൽ പ്ലാസ്റ്ററിട്ട് മാസങ്ങളോളം ജോലിക്ക് പോവാനാവാത്ത സ്ഥിതിയുമുണ്ടായി. നിർധന കുടുംബത്തിന് താങ്ങാനാവാത്ത ഈ ചികിത്സാ ചെലവ് ഗ്രാമ പഞ്ചായത്ത് വഹിക്കാനാണ് തീരുമാനമായിരിക്കുന്നത്. 

ഇതുവരെ ചികിത്സയ്ക്ക് ചെലവായതും തുടർ ചികിത്സയ്ക്ക് ആവശ്യമുള്ളതുമായ തുക അനുവദിക്കാനാണ് നിർദേശിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അപരിഹാര്യമായ നഷ്ടമാണ് വിഷ്ണുവിനും അജിനയ്ക്കുമുണ്ടായത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഹരിതകർമ്മ സേനാംഗങ്ങളും കാട്ടണം. അപകടത്തിന്റെ കാരണം കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു
വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു