ലോറിയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാവിന് മേല്‍ മറ്റൊരു ലോറി പാഞ്ഞുകയറി, ദാരുണാന്ത്യം

By Web TeamFirst Published Apr 12, 2021, 3:30 PM IST
Highlights

ആലപ്പുഴ ഭാഗത്തേക്കുവന്ന സ്വകാര്യ കൊറിയര്‍ സര്‍വീസ് വാന്‍ ഡ്രൈവര്‍, മനു റോഡില്‍ കിടക്കുന്നതു കാണാതെ ശരീരത്തിലൂടെ വാഹനം ഓടിച്ചുപോകുകയായിരുന്നുവെന്ന്...

ആലപ്പുഴ: ഉറക്കത്തിനിടെ ലോറിയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാവിന് മേല്‍ മറ്റൊരു ലോറി പാഞ്ഞുകയറി. തൃക്കുന്നപ്പുഴ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ പല്ലന തൈവയ്പ്പില്‍ വീട്ടില്‍ പരേതനായ മണിയന്റെ മകന്‍ മനു (37) ആണ് ദാരുണമായി മരിച്ചത്. ഞായർ പുലര്‍ച്ചെ ഒന്നരയോടെ ദേശീയപാതയില്‍ വളവനാട് കോള്‍ഗേറ്റ് ജംഗ്ഷനില്‍ ആയിരുന്നു അപകടം. കോണ്‍ക്രീറ്റ് സ്ലാബ് നിര്‍മാണ തൊഴിലാളിയായ മനുവും മറ്റ് രണ്ട് പേരും ജോലി കഴിഞ്ഞ് പൊന്നാനിയില്‍നിന്ന് മിനിലോറിയില്‍ തൃക്കുന്നപ്പുഴയിലേക്ക് വരുമ്പോഴായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. 

ആലപ്പുഴ ഭാഗത്തേക്കുവന്ന സ്വകാര്യ കൊറിയര്‍ സര്‍വീസ് വാന്‍ ഡ്രൈവര്‍, മനു റോഡില്‍ കിടക്കുന്നതു കാണാതെ ശരീരത്തിലൂടെ വാഹനം ഓടിച്ചുപോകുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പിന്നാലെ കാറില്‍ വന്ന ആലപ്പുഴ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ ഈ ദൃശ്യം കണ്ട് വാന്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. മനുവിന്റെ ശരീരം വാനിന്റെ ചക്രങ്ങളിലും യന്ത്രഭാഗങ്ങളിലുമായി കുടുങ്ങി പുറത്തെടുക്കാന്‍ കഴിയാത്ത നിലയിലായിരുന്നു.

ആലപ്പുഴയില്‍ നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. മരിച്ചത് ആരെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. അപകടം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. തൊട്ടടുത്ത സ്വകാര്യസ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് അപകടം സംബന്ധിച്ചു വിവരങ്ങള്‍ ലഭിച്ചത്. ഇതെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു മരിച്ചത് ആരെന്നു വ്യക്തമായത്. അവിവാഹിതനാണു മനു. 
 

click me!